എറണാകുളം: കർഷകരുടെ ഉന്നമനവും കാർഷിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിഭവനിലൂടെ വിവിധ സേവനങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്.
കോംപ്രിഹൻസീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികൾക്ക് വളർച്ചോപാധികൾ വാങ്ങുന്നതിനായി കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് ഹെക്ടർ ഒന്നിന് 5500 രൂപ വീതം സബ്സിഡി നൽകുന്നു.
തരിശുനിലങ്ങളിൽ കൃഷി ചെയ്യുന്നതിന് ഹെക്ടർ ഒന്നിന് 40000 രൂപ വീതം നൽകുന്ന പദ്ധതിയാണ് തരിശു നില കൃഷി. പാട്ട കൃഷി ആണെങ്കിൽ പദ്ധതി പ്രകാരം 35,000 രൂപ കർഷകനും 5000 രൂപ സ്ഥലം ഉടമയ്ക്കും ലഭിക്കും.
സ്പെഷ്യാലിറ്റി റൈസ് പദ്ധതിയിലൂടെ പൊക്കാളി കൃഷി ചെയ്യുന്ന കർഷകരെ സഹായിക്കുന്നതിനായി കൃഷിഭവൻ മുഖേന ഹെക്ടർ ഒന്നിന് 10000 രൂപ സബ്സിഡി നൽകുന്നു.
നെല്ലുൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉൽപാദക ഇൻസെന്റീവായി കർഷകർക്ക് ഹെക്ടറിന് ആയിരം രൂപ വീതം ആനുകൂല്യം നൽകുന്ന പദ്ധതിയായ പ്രൊഡക്ഷൻ ഇൻസെന്റീവും പാടശേഖര സമിതിക്ക് പാടശേഖരങ്ങളിൽ വരുന്ന അനുബന്ധ ചെലവുകൾ വഹിക്കുന്നതിനായി ഹെക്ടർ ഒന്നിന് 360 രൂപ വീതം നൽകുന്ന പദ്ധതിയായ ഓപ്പറേഷൻ സപ്പോർട്ട് പദ്ധതിയും നെൽകൃഷിയുമായി ബന്ധപ്പെട്ട് നെൽ കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളാണ്.
മണ്ണിന്റെ അമ്ലത പരിഹരിക്കുന്നതിനും മികച്ച വിളവ് ലഭിക്കുന്നതിനുമായി കുമ്മായ വസ്തുക്കൾ ലഭ്യമാക്കുന്നതിന് ഹെക്ടറിന് 5400 രൂപ വീതം ധനസഹായം നൽകുന്ന സോയിൽ ലാൻഡ് റൂട്ട് ഹെൽത്ത് മാനേജ്മെന്റ് പദ്ധതിയും കൃഷിവകുപ്പ് നടപ്പിലാക്കുന്നു.