ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ പച്ചക്കറി കൃഷി വിളവെടുത്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ട്രെയ്നിംഗ് സെന്റർ പരിസരത്തെ ഒന്നര ഏക്കർ തരിശു സ്ഥലം കൃഷിയോഗ്യമാക്കിയെടുത്ത് കുട്ടികളാണ് കൃഷി ആരംഭിച്ചത്.
കൂടുതൽ വാർത്തകൾ: മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പാദനത്തിൽ വയനാടിന് വൻ സാധ്യതകൾ
പ്രാർത്ഥനാ ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് കൃഷി ചെയ്യുന്നത്. വർഷങ്ങളായി കാടുപിടിച്ച് കിടന്ന 5 ഏക്കർ സ്ഥലം വ്യത്തിയാക്കി ശാസ്ത്രീയ രീതിയിൽ മണ്ണൊരുക്കിയാണ് കൃഷി ആരംഭിച്ചത്. ട്രെയ്നിംഗ് സെന്ററിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തോടൊപ്പം ഒരു സ്വയം തൊഴിലായി കൃഷി പ്രയോജനപ്പെടുമെന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്.
എറണാകുളം കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ ഒരേക്കറിൽ ഇഞ്ചി, മഞ്ഞൾ, ഒരേക്കറിൽ ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതിനുപുറമെ, 50 സെന്റിൽ ചെറുധാന്യകൃഷിയും ഒന്നര ഏക്കറിൽ പച്ചക്കറി വിളകളും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടത്തിൽ നിന്നും വിളവെടുക്കുന്ന പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഭക്ഷണമുണ്ടാക്കാനും ബാക്കിയുള്ളവ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ വിൽപന നടത്താനുമാണ് തീരുമാനം.
കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, ഗ്രാമപഞ്ചായത്തംഗം ജിജോ തോട്ടകത്ത്, ഫാദർ. ജോഷി ക്കോഴിക്കോട്, ചാവറ CMI പ്രാർത്ഥനാ ഫൗണ്ടേഷൻ വോളന്റിയർ ജയകൃഷ്ണൻ, കൃഷി അസിസ്റ്റന്റുമാരായ SK ഷിനു, AA അനസ്, കാർഷിക വികസന സമിതി അംഗങ്ങളായ N. സോമസുന്ദരൻ, KG. രാജീവ് , ഷാജു മാളോത്ത് രാജു ജോസഫ് വാഴുവേലിൽ, കർഷകർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തു. (കടപ്പാട്: എസ്.കെ ഷിനു, ഫേസ്ബുക്ക്)