1. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇന്നു മുതൽ ഏപ്രിൽ 19 വരെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് സപ്ലൈകോ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ സ്ഥാപിതമായിട്ട് 50 വർഷങ്ങൾ പൂർത്തിയാകുന്നതിനാൽ സുവർണ്ണജൂബിലിയോടനുബന്ധിച്ച് സപ്ലൈകോ നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
2. 2025-26 വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഏപ്രില്‍ 15 നകം പ്രീമിയം തുക അടച്ച് ഗുണഭോക്താക്കളാകുന്നതിന് അവസരം. മത്സ്യഫെഡ് അഫലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാവുന്നതാണ്. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ / ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്‌ക്രീനിൽ തന്നിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
3. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. ശക്തമായ മഴ സാധ്യത പരിഗണിച്ച് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും പറയുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.