1. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11-ാം തീയതി രാവിലെ 9 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപന നടത്തും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർ ഗായത്രി ബാബു, സഹകരണ സെക്രട്ടറി വീണ മാധവൻ, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം എസ്, കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മായിൽ, മാനേജിങ് ഡയറക്ടർ എം സലീം തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 21 വരെ നടത്തുന്ന വിഷു - ഈസ്റ്റർ സഹകരണ വിപണികളിൽ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും.
2. കാസര്‍ഗോഡ് ജില്ലയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി സങ്കരയിനം (ടി എക്സ് ഡി) തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. തെങ്ങിന്‍ തൈ ഒന്നിന് 325 രൂപ നിരക്കിൽ ലഭ്യമാകും. ആവശ്യക്കാര്‍ ഏപ്രില്‍ 22 മുതല്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി സഹിതം രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുമണി വരെയുള്ള സമയങ്ങളിൽ കേന്ദ്രത്തില്‍ എത്തേണ്ടതാണ്. കൂടുതൽ 0467 2260632, 8547891632 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. ഇന്ന് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.