എറണാകുളം ജില്ലയിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില് കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ആയത്.
കൊച്ചി കോര്‍പ്പറേഷനിലെ പശ്ചിമ കൊച്ചി മേഖല, മരട് നഗരസഭ എന്നിവിടങ്ങളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ കേന്ദ്രങ്ങളില്‍ നിന്ന് ടാങ്കറുകള്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കുമെന്ന് കളക്ടർ അറിയിച്ചു.
കുടിവെള്ള ക്ഷാമം നേരിടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികള്‍ ലഭ്യമാക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇടവഴികളിലും സഞ്ചരിക്കാന്‍ കഴിയുന്ന ചെറിയ ടാങ്കറുകളും ഏര്‍പ്പെടുത്തും. നിലവില്‍ ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആലുവ ഉള്‍പ്പടെയുള്ള പോയിന്റുകളില്‍ നിന്ന് കുടിവെള്ളമെടുക്കാം.
കുടിവെള്ള ടാങ്കറുകള്‍ക്ക് പോലീസിന്റെ സഹായവും ലഭ്യമാക്കും. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുവാറ്റുപുഴ, കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. പമ്പുകളുടെ തകരാര്‍ പരിഹരിക്കുന്നതിനുളള ശ്രമം ഊര്‍ജിതമായി തുടരുകയാണ്. തിങ്കളാഴ്ചയോടെ പമ്പുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള രണ്ട് സംഘങ്ങളെയാണ് പമ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളുള്‍പ്പടെ 24 മണിക്കൂറും അറ്റകുറ്റപ്പണികള്‍ നടത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയിരുന്നു. ഷാഫ്റ്റിനുണ്ടായ തകരാറിനെ തുടര്‍ന്നാണ് പമ്പ് പ്രവര്‍ത്തനരഹിതമായത്. പമ്പുകള്‍ ടാങ്കില്‍ നിന്ന് ഉയര്‍ത്തി തകരാര്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും കുടിവെള്ളം വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് സൗജന്യമായി ലഭിക്കുക.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദുമോള്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഷാഫി, ഡിസിപി എസ്. ശശിധരന്‍, ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്ത്, മരട് നഗരസഭ, കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങളുടെ വിലക്ക് ഖത്തർ പിൻവലിച്ചു