വയനാട്: അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് പുത്തനുണർവ്. പച്ചക്കറി പുഷ്പ കൃഷിയുടെ മികവിന്റെ കേന്ദ്രമായി മാറുകയാണ് വയനാട് ജില്ലയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയുടേയും, കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടേയും സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയത്. പച്ചക്കറി-പുഷ്പ കൃഷിയുടെ മികവിന്റെ കേന്ദ്രം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
കൂടുതൽ വാർത്തകൾ: രാജ്യത്ത് ആപ്പിൾ ഇറക്കുമതിയ്ക്ക് നിരോധനം..കൂടുതൽ വാർത്തകൾ
കേന്ദ്രം വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ മാറ്റം വരുത്തുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ആവശ്യമായ ഗുണമേന്മയുള്ള പച്ചക്കറി, പുഷ്പ തൈകള്‍ ഉത്പാദിപ്പിക്കാന്‍ ഈ കേന്ദ്രത്തിലൂടെ കഴിയും. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, വിപണനത്തിനും, കൃഷിയുമായി ബന്ധപ്പെട്ടുളള പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോര്‍ട്ടികള്‍ച്ചര്‍ സമഗ്രവികസന മിഷന്റെ 85 ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ 15 ശതമാനം ഫണ്ടുമുള്‍പ്പെടെ ആകെ 13 കോടി രൂപയാണ് ചെലവ്. ഹ്രസ്വകാല പച്ചക്കറി-പുഷ്പ കൃഷിയിലെ ഹൈടെക് കൃഷി പ്രദര്‍ശന കേന്ദ്രം, സങ്കരയിനം വിത്തുത്പാദനം, വിളകളുടെ തൈ ഉത്പാദനം, സംസ്‌കരണ വിപണന കേന്ദ്രം, പരിശീലനം, ഹോര്‍ട്ടികള്‍ച്ചര്‍ ടൂറിസം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് കേന്ദ്രത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി കോമണ്‍ ഫെസിലിറ്റി സെന്റര്‍, ഡച്ച് പോളീഹൗസുകള്‍, ഇന്ത്യന്‍ പോളീഹൗസുകള്‍, തൈ ഉത്പാദനയൂണിറ്റ്, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, സംസ്‌കരണകേന്ദ്രം, ഷേഡ് നെറ്റ് ഹൗസ്, ലേലം കേന്ദ്രം, പരിശീലനകേന്ദ്രം എന്നിവ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ സാങ്കേതിക സഹായവും ലഭിക്കും. കേന്ദ്രം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമായശേഷം അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് കൈമാറും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഹൈടെക് കൃഷിരീതികളെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിച്ചു.
കേന്ദ്രത്തിലെ കോമണ്‍ ഫെസിലിറ്റി സെന്റര്‍, ഡച്ച് പോളീഹൗസുകള്‍, ഇന്ത്യന്‍ പോളീഹൗസുകള്‍, തൈ ഉത്പാദനയൂണിറ്റ്, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, സംസ്‌കരണകേന്ദ്രം, ഷേഡ് നെറ്റ് ഹൗസ്, ലേലം കേന്ദ്രം, പരിശീലനകേന്ദ്രം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയല്‍ രാമന്‍, രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ അജി തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.