കാര്‍ഷിക മേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് മറ്റൊരു പ്രളയകാലം കൂടി. കൃഷിവകുപ്പ് നടത്തിയ പ്രഥമിക കണക്കെടുപ്പില്‍ മഴക്കെടുതിമൂലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 219.15 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി വിലയിരുത്തല്‍. വാഴകൃഷിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടിട്ടുളളത്. 180.49 കോടി രൂപയുടെ നഷ്ടമാണ് വാഴ കര്‍ഷകര്‍ക്ക് നേരിട്ടത്. 1319 ഹെക്ടറിലായി 3296379 വാഴകളാണ് കനത്തകാറ്റിലും മഴയിലുമായി ജില്ലയില്‍ നശിച്ചത്. 24,31,899 കുലച്ച വാഴകളും 8,64,480 കുലക്കാത്ത വാഴകളും നശിച്ചു. ഇവയ്ക്ക് യഥാക്രമം 145.91 കോടി രൂപ, 34.58 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
നെല്ല്,കുരുമുളക്, അടക്ക,ഏലം തുടങ്ങിയ വിളകള്‍ക്കും കാര്യമായ നഷ്ടം നേരിട്ടിട്ടുണ്ട്. വിളകള്‍ക്ക് 30-100% വരെ നഷ്ടം കണക്കാക്കുന്നു. 1770 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് നശിച്ചത്. 26.50 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ എക്കലും മണലും അടിഞ്ഞുകൂടിയത് നെല്‍ കൃഷിയുടെ വ്യാപകമായ നഷ്ടത്തിന് കാരണമായി. പുഴകളും തോടുകളും ഗതി മാറി ഒഴുകിയതാണ് കൃഷി നഷ്ടത്തിന് ആക്കം കൂട്ടിയത്. മറ്റ് പ്രധാന കാര്‍ഷിക വിളകള്‍ക്കുണ്ടായ നഷ്ടങ്ങള്‍ ചുവടെ.
ഇനം രൂപ (ലക്ഷത്തില്‍)
കുരുമുളക് കൃഷി : 746
അടക്ക : 34.72
കൊക്കൊ : 1.35
റബ്ബര്‍ : 33.28
ഏലം : 29.05
കപ്പ : 9.1
ഇഞ്ചി : 125
പച്ചക്കറി : 49.6
ജാതിക്ക : 12.11
കാപ്പി : 61.48
തെങ്ങ് : 71.5
കശുമാവ് : 0.1
കിഴങ്ങ് വര്‍ഗങ്ങള്‍ : 26.55