ഭീമൻ ഒച്ചുകളെ ശല്യക്കാരായി കാണേണ്ട. ആന്ധ്രപ്രദേശിൽ ഒരു കടൽ ഒച്ചിനെ ലേലം ചെയ്തത് 18,000 രൂപയ്ക്കാണ്. ഇവയുടെ തോടുകൾക്കുമുണ്ട് മികച്ച വില. കരകൗശല വസ്തുക്കൾ നിര്‍മിക്കാനും ഉപയോഗിക്കാം. ഭക്ഷണത്തിനായി മാംസം ഉപയോഗിക്കുന്നവരുമുണ്ട്
ഒച്ചുകളെ മിക്കവര്‍ക്കും ഇഷ്ടമല്ല. ശല്യക്കാരായതിനാൽ ആണിത്. എന്നാൽ വമ്പൻ ഒച്ചുകൾക്ക് പണം ലഭിച്ചാലോ? ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ കണ്ടെത്തിയ വമ്പൻ ഒച്ചിനെ ലേലം ചെയ്തത് 18,000 രൂപയ്ക്കാണ്. ഉപ്പട ഗ്രാമത്തിലെ ഗോദാവരി നദീ തീരത്താണ് അസാധാരണമായ വലിയ ഒച്ചുകളെ കണ്ടെത്തിയത്. ഓസ്ട്രേലിയൻ ട്രംപെറ്റ് എന്നറിയപ്പെടുന്ന കടൽ ഒച്ചാണിത്. വാർത്താ ഏജൻസി എഎൻഐ ഭീമൻ ഒച്ചിൻെറ ചിത്രങ്ങളും പങ്കു വെച്ചിരുന്നു.
കൗതുകത്തിനായി ഈ ഒച്ചുകളുടെ തോടുകൾ വാങ്ങുന്നവരുണ്ട്. ചിലപ്പോൾ വെള്ളം നിറച്ചു വക്കാനും ഈ വമ്പൻ തോട് ഉപയോഗിക്കുന്നവരുണ്ട്. .ഇതിൻെറ മാംസത്തിനായും ആളുകൾ കടൽ ഒച്ചുകളെ പിടിക്കാറുണ്ട്.. ഈ തോടുകൊണ്ട് ആഭരണങ്ങളും നിര്‍മിക്കാറുണ്ട്. ജയൻറ് കോഞ്ച് എന്നും ഈ വമ്പൻ ഒച്ചുകളെ വിളിക്കാറുണ്ട്, ശംഖ് എടുക്കുന്ന കടൽ ജീവിയുമായും ഇവയ്ക്ക് സാമ്യമുണ്ട്.
ഇവയുടെ തോടുകൾ കൊണ്ടും വമ്പൻ ശംഖുകൾ നിര്‍മിക്കാറുണ്ട്. ഇതൊക്കെയാണ് കടൽ ഒച്ചിന് മികച്ച ലേല വില നൽകുന്നത്. ഈ ഒച്ചുകളുടെ തോടു മാത്രം ലേലം ചെയ്യുന്നവരുമുണ്ട്.
ഈബേ പോലുള്ള സൈറ്റുകളിൽ ശംഖുകൾക്കൊപ്പം 1000 രൂപ മുതൽ വിവിധ വിലയിൽ ഇത്തരം മനോഹരമായ തോടുകൾ ലഭ്യമാണ്. ഇവ ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കളും നിര്‍മിക്കാം