എറണാകുളം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രചാരണ വാഹനം ജില്ലാ കളക്ടർ ജാഫർ മാലിക് ഫ്ലാഗ് ഓഫ് ചെയ്തു. എന്താണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം, ആർക്കൊക്കെ അപേക്ഷിക്കാം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങളാണ് പ്രചാരണ വാഹനത്തിലൂടെ നൽകുന്നത്. കളക്ടറേറ്റിൽ നിന്നും ആരംഭിച്ച വാഹനം വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരെ ശാക്തീകരിക്കുന്നതിൽ ഡ്രോണുകൾ നിർണായകം: ഭാരത് ഡ്രോണ്‍ മഹോത്സവിൽ പ്രധാനമന്ത്രി
കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയായ ഖാരിഫ് 2022 ലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.
ജില്ലയിൽ നെല്ല്, വാഴ, പൈനാപ്പിൾ, മഞ്ഞൾ, കൊക്കോ, ജാതി, പച്ചക്കറികളായ പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകളാണ് പദ്ധതിയിൽ വരുന്നത്. വാഴയ്ക്ക് ജില്ലയിലെ സൂചന കാലാവസ്ഥാ നിലയങ്ങൾ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം , നായരമ്പലം, കുമ്പളങ്ങി, ആലങ്ങാട്, കിഴക്കമ്പലം, പെരുമ്പാവൂർ, മൂക്കന്നൂർ, പൂത്തൃക്ക, മഞ്ഞല്ലൂർ, വേങ്ങൂർ, നെല്ലിക്കുഴി, നേര്യമംഗലം, പാമ്പാക്കുട, മുളന്തുരുത്തി, എന്നീ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അതാത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാ നിലയത്തില്‍ ഇന്‍ഷുറന്‍സ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകും നഷ്ടപരിഹാരം. വെള്ളപ്പൊക്കം, കാറ്റ്, ഉരുള്‍പ്പൊട്ടല്‍ എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങള്‍ക്കും നഷ്ടപരിഹാരം കിട്ടും.
ഓരോ വിളയുടെയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും (www.pmfby.gov.in) ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ വഴിയും ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ വഴിയും പദ്ധതിയില്‍ ചേരാം. വിളകള്‍ക്ക് വായ്പയെടുത്ത കര്‍ഷകരെ നിര്‍ദ്ദിഷ്ട ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: 50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍, നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും സമര്‍പ്പിക്കണം. പാട്ടത്തിന് കൃഷി ചെയ്യുന്നവര്‍ പാട്ടകരാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848322803 എന്ന നമ്പറിൽ ബന്ധപ്പെടാം.
കളക്ടറേറ്റ് വളപ്പിൽ നടന്ന ഫ്ലാഗ് ഓഫ് പരിപാടിയിൽ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ രാജി ജോസ്, ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) സെരിൻ ഫിലിപ്പ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: പടവലത്തിൽ കൂടുതൽ പെൺ കായ്‌കൾ ഉണ്ടാവാൻ മൂന്നാംമുറ ഉപയോഗിക്കാം