സംസ്ഥാനത്ത് ബുധനാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ വരുംദിവസങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
40 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന കാറ്റും പ്രതീക്ഷിക്കാം. മധ്യ തെക്കൻ കേരളത്തിൽ നല്ല രീതിയിൽ ഇന്നലെ മഴ ലഭിച്ചു. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 30 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
അടുത്തദിവസങ്ങളിൽ മധ്യ തെക്കൻ കേരളത്തിൽ രാത്രി സമയത്ത് ഇടിയോടുകൂടിയ മഴ സാധ്യതയും ഏറുന്നു. രണ്ട് കിലോ മീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തി പ്രാപിക്കുന്നതാണ് മഴയുടെ തോത് വർദ്ധിപ്പിക്കുവാൻ കാരണമായി കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഇതുകൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം കൂടുതൽ കലർന്ന മേഘം കേരളത്തിൽ എത്തിച്ചേർന്നതും മഴയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ മാത്രമല്ല വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ ലഭിക്കും. ബുധനാഴ്ച വരെ സംസ്ഥാനത്ത് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദ്ദേശം
തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസം പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രതപാലിക്കുക