ശ്രീലങ്കക്ക് സമീപം രൂപപ്പെട്ടിരിക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത മൂന്നു ദിവസങ്ങളിലായി പലയിടങ്ങളിലും വേനൽ മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിൽ വ്യാഴാഴ്ച്ച രാത്രിയോടെ പലയിടത്തും ബേധപ്പെട്ട മഴ ലഭിച്ചിരുന്നു. വരുന്ന ദിവസങ്ങളിലും ഇടവിട്ട് മധ്യ തെക്കൻ ജില്ലകളിൽ വേനൽ മഴ സജീവമായിരിക്കും. തെക്കൻ ജില്ലകളിൽ വ്യാപകമായി തന്നെ അടുത്ത മൂന്നു ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം.
വേനൽ മഴ ലഭിക്കാത്ത വടക്കൻ ജില്ലകളിലേക്കും ഈ ദിവസങ്ങളിൽ മഴ എത്തും. തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്നു ദിവസങ്ങളായിലായി പലയിടത്തും വേനൽ മഴ ലഭിക്കും. മഴയുടെ വിതരണം പൊതുവിൽ കിഴക്കൻ മേഖലകളിൽ ആയിരിക്കും പ്രധാനമായും ഉണ്ടാകുക. പടിഞ്ഞാറൻ മേഖലകളിൽ ചില മേഖലകൾ കേന്ദ്രീകരിച്ചു മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും അടുത്ത ദിവസങ്ങളിലായി കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും.
തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ കോട്ടയം തൃശൂർ എറണാകുളം ജില്ലകളിൽ കൂടുതൽ മഴ സാധ്യത.
വടക്കൻ കേരളത്തിലും ഇന്ന് എല്ലാ ജില്ലകളും മഴ സാധ്യത. മലയോര മേഖലകളിൽ ഉച്ചക്ക് ശേഷം മഴ സധ്യത ഉണ്ടെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ രാത്രി വൈകിയോ പുലർച്ചെയോ ആണ് മഴ സാധ്യത, പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ.
ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്കും സാധ്യത ഉണ്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക
ഏപ്രിൽ പകുതിക്ക് ശേഷം കേരളത്തിൽ പൊതുവിൽ വേനൽ മഴ സജീവമാകും. ITCZ (ഇന്റർ ട്രോപിക്കൽ കൺവെർജൻസ് സോൺ) എന്ന ഭൂമധ്യ രേഖക്ക് തെക്കും വടക്കും ഉള്ള കാറ്റുകളുടെ സംയോജന മേഖല ഏപ്രിൽ പകുതിയോടെ ദക്ഷിണേന്ത്യക്ക് സമീപത്തേക്ക് അടുത്ത് വരുന്നത് ശ്രീലങ്കക്ക് സമീപമായി ബംഗാൾ ഉൾകടലിലും ചേർന്ന് കിടക്കുന്ന മേഖലയിലും ചക്രവാത ചുഴികൾ തുടർച്ചയായി രൂപപ്പെടുന്നത് കേരളത്തിലും തമിഴ്നാട്ടിലും വേനൽ മഴ സജീവമാകാൻ കാരണമാകുന്നു.