കേരള തീരത്ത് ഇന്ന് (മാർച്ച് 17) രാത്രി 11.30 വരെ 0.4 മീറ്റർ മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനയാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് (മാർച്ച് 17) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ
ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.