അറബിക്കടൽ പ്രക്ഷുബ്ധമാകൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശം മറികടന്ന് ആരെങ്കിലും മത്സ്യബന്ധനത്തിന് പോയിട്ടുണ്ടെങ്കിൽ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്നും അതോറിറ്റി അറിയിച്ചു.
തെക്ക് കിഴക്കൻ അറബികടലിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യുനമർദ്ദം, മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കാം.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോടുകൂടിയ മഴയ്ക്കും ബുധനാഴ്ച (ജൂൺ 7) മുതൽ വെള്ളിയാഴ്ച (ജൂൺ 9) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.