1. ക്രിസ്തുമസിന് മുമ്പ് എല്ലാവർക്കും ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനം. ഓഗസ്റ്റ് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. 900 കോടിയോളം രൂപയാണ് പെൻഷൻ വിതരണത്തിനായി മാറ്റിവയ്ക്കുന്നത്. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും മറ്റുള്ളവർക്ക് ബാങ്ക് അക്കൌണ്ടുകൾ വഴിയും പണം ലഭിക്കുന്നതാണ്. ഇതോടെ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള തുക കുടിശിക വരും. പട്ടികയിലുള്ള 64 ലക്ഷം പേരിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയർക്ക് പെൻഷൻ ലഭിക്കും. ഏഴര വർഷത്തിനുള്ളിൽ 57,400 കോടിയോളം രൂപയുടെ ക്ഷേമ പെൻഷൻ വിതരണം ചെയ്‌തതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
കൂടുതൽ വാർത്തകൾ: കർഷകർക്ക് കുരുക്കാകുന്ന സിബിൽ സ്കോറും പിആർഎസും; സിബിൽ സ്കോർ എന്തിന് നിലനിർത്തണം?
2. വിപണിയിൽ വീണ്ടും മധുരം പകരാൻ ആലങ്ങാടൻ ശർക്കര തിരികെയെത്തുന്നു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെയും 'കൃഷിക്കൊപ്പം കളമശ്ശേരി' പദ്ധതിയുടെയും ഭാഗമായി ആലങ്ങാടിന്റെ മണ്ണിൽ കരിമ്പ് കൃഷി തുടങ്ങി. നീറിക്കോട്, കൊങ്ങോർപ്പിള്ളി, തിരുവാലൂർ എന്നിവിടങ്ങളിൽ നിലവിൽ 6 ഏക്കറിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്. കൊടുവഴങ്ങയിൽ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങളും ആരംഭിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, ആലങ്ങാട് സഹകരണ ബാങ്ക്, എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്ര, കൃഷി വകുപ്പ് ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സഹകരണ ബാങ്കുകൾക്ക് ലഭിക്കുന്ന ഫണ്ട് വിനിയോഗിച്ച് ശർക്കര നിർമ്മാണ യൂണിറ്റ് തുടങ്ങും, കൂടാതെ, ആലങ്ങാട് സഹകരണ ബാങ്ക് ഉദ്പാദനം നടത്തും. 2024ലോടെ ആലങ്ങാടൻ ശർക്കര വിപണിയിൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
3. ക്ഷീരകർഷകർക്ക് ആശ്വാസമേകാൻ പദ്ധതികളുമായി മിൽമ എറണാകുളം മേഖല യൂണിയൻ. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ കർഷകർക്കായി 5 കോടി രൂപയുടെ കർഷക ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. ഇൻഷ്വറൻസിന്റെ പ്രീമിയം സബ്‌സിഡി, മൃഗഡോക്ടറുടെ സേവനം, മിനറൽ മിക്‌സ് വിതരണം, വാട്‌സാപ്പ് വഴി ടെലിമെഡിസിൻ എന്നിവയാണ് പ്രധാന പദ്ധതികളെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. പ്രാഥമിക ക്ഷീരസംഘങ്ങളിൽ പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
4. തീറ്റപ്പുല്‍കൃഷി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൊല്ലം ജില്ലയിലെ അഞ്ചല്‍, ചാത്തന്നൂര്‍ ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും തരിശുഭൂമിയില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ 0474 2748098 ഫോൺ നമ്പറിലോ ബന്ധപ്പെടാം.