രാജ്യത്ത് ഗോതമ്പിന്റെയും അരിയുടെയും ചില്ലറ വിൽപന വില ജൂലൈയിൽ യഥാക്രമം കിലോഗ്രാമിന് 29.59 രൂപയായും, കിലോയ്ക്ക് 40.82 രൂപയായും വർധിച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചു.
ഗോതമ്പിന്റെയും അരിയുടെയും ചില്ലറ വിൽപന വില തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ വില സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിൽ പറഞ്ഞു. ജനുവരിയിൽ ഗോതമ്പിന്റെ ശരാശരി റീട്ടെയിൽ വില കിലോയ്ക്ക് 31.58 രൂപയായിരുന്നത് പിന്നെ മേയിൽ 28.74 രൂപയായി കുറഞ്ഞു. അതിനുശേഷം, ഗോതമ്പിന്റെ ശരാശരി റീട്ടെയിൽ വില ജൂലൈയിൽ കിലോയ്ക്ക് 29.59 രൂപയായി ഉയർന്നു. അരിയുടെ കാര്യത്തിലും ജനുവരിയിൽ കിലോയ്ക്ക് 38.09 രൂപയായിരുന്ന ശരാശരി ചില്ലറ വില ജൂലൈയിൽ 40.82 രൂപയായി ഉയർന്നു.
രാജ്യത്ത് അരിയുടെയും, ഗോതമ്പിന്റെയും ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരപ്പെടുത്തുന്നതിനുമായി സർക്കാർ കാലാകാലങ്ങളിൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അരി, ഗോതമ്പ്, ആട്ട എന്നിവയുടെ ചില്ലറ വിൽപ്പന വില 10.5 ശതമാനവും 5.2 ശതമാനവും 8.5 ശതമാനവും യഥാക്രമം വർധിച്ചതായി ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു.
പച്ചക്കറികളിൽ, ഉരുളക്കിഴങ്ങിന്റെ അഖിലേന്ത്യാ ശരാശരി ചില്ലറ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവാണ്, അതേസമയം ഉള്ളിയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. തക്കാളിയുടെ ഇപ്പോഴത്തെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനുമായി വില സ്ഥിരത ഫണ്ട് (പിഎസ്എഫ്) പ്രകാരം സർക്കാർ തക്കാളി സംഭരണം ആരംഭിച്ചതായും ഉയർന്ന സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് തക്കാളി ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില കിലോയ്ക്ക് 300 രൂപ വരെ ഉയരും
Pic Courtesy: Pexels.com