വനത്തിലെ പഴങ്ങള്‍ ആദിവാസികള്‍ ഭക്ഷിച്ചശേഷം ധാരാളം ബാക്കിവന്ന് നശിക്കുന്നുണ്ട്. ഇവ നശിക്കാതെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനാണ് കാര്‍ഷിക സര്‍വകലാശാലയിലെ ഫോറസ്ട്രി കോളേജിൻ്റെ പദ്ധതി.കാട്ടിലെ ആഞ്ഞിലിച്ചക്ക കൊണ്ട് സ്‌ക്വാഷ്, മൂട്ടില്‍പ്പഴം കൊണ്ട് വൈന്‍, കാരപ്പഴം കൊണ്ട് അച്ചാര്‍. ഇതൊക്കെ കാര്‍ഷിക സര്‍വകലാശാലയിലെ ഫോറസ്ട്രി കോളേജില്‍ തയ്യാറായിട്ടുണ്ട്. ആദിവാസി ക്കായുള്ള പദ്ധതി പ്രകാരമാണിവ തയ്യാറാക്കിയത്. സ്‌ക്വാഷും വൈനും അച്ചാറും ഉണ്ടാക്കാന്‍ ഫോറസ്ട്രി കോളേജ് ആദിവാസികളെ പഠിപ്പിക്കും. വനംവകുപ്പിൻ്റെ സഹകരണത്തോടെ വാഴച്ചാല്‍, ചിമ്മിനി, നെല്ലിയാമ്പതി വനമേഖലകളില്‍ ക്ലാസുകൾ ഉടന്‍ തുടങ്ങും. തുടര്‍ന്ന് ഇവ തയ്യാറാക്കി ആദിവാസികള്‍ പൊതുവിപണിയില്‍ വില്‍ക്കും.പഴങ്ങള്‍ ശേഖരിക്കുക വഴി ഈ മരങ്ങളുടെ കാടിനുള്ളിലെ വംശവര്‍ധന തടയപ്പെടാതിരിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആവിഷ്‌കരിക്കും. നിശ്ചിതസ്ഥലത്തു നിന്നു മാത്രം പഴങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള മാര്‍ഗരേഖകള്‍ ഉണ്ടാവും. കാര്‍ഷിക സര്‍വകലാശാലയുടെ ഈ ഗവേഷണ പദ്ധതിയുടെ നേതൃത്വം ഫോറസ്ട്രി കോളേജ് ഡീനായ ഡോ.കെ. വിദ്യാസാഗരനാണ്.
ആദിവാസികള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ഇക്കോഷോപ്പുകള്‍, വനവികസന സമിതി, വനംവകുപ്പിന്റെ വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവ വഴിയാകും വില്‍ക്കുക. കാട്ടിലെ പഴങ്ങള്‍ കീടനാശിനിമുക്തവും ഔഷധ ഗുണമുള്ളതുമായതിനാല്‍ വിപണിയില്‍ ആവശ്യക്കാരുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.ഫോറസ്ട്രി കോളേജില്‍ ആഞ്ഞിലിച്ചക്ക, മൂട്ടില്‍പ്പഴം, കാരപ്പഴം എന്നിവ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളാണ് ഉണ്ടാക്കിയത്.