കൊല്ലം: ജില്ലയിലെ അഴുക്കുചാല്‍, മാന്‍ഹോള്‍ തുടങ്ങിയ ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. മാന്വല്‍ സ്‌കാവഞ്ചേഴ്സ് വിഭാഗത്തിന്റെ പുനരധിവാസത്തിനും ക്ഷേമത്തിനായും രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സമിതിയുടെ പ്രഥമ യോഗം ചേമ്പറില്‍ ചേര്‍ന്നു.
ശുചീകരണ തൊഴിലാളികളുടെ കൃത്യമായ കണക്കുകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍വേയിലൂടെ കണ്ടെത്തി ഓഗസ്റ്റ് 10നകം സമര്‍പ്പിക്കണം. സാങ്കേതിക കോഴ്സുകള്‍ പഠിക്കാന്‍ താത്പര്യമുള്ള തൊഴിലാളികളുടെ മക്കളുടെ പൂര്‍ണമായ വിവരങ്ങളും ശേഖരിക്കണം. ജില്ലയില്‍ നിലവില്‍ ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ലാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം മുട്ടറയിലെ പ്ലാന്റില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ഈ വിഭാഗക്കാരുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും നഗരസഭകള്‍ മുഖേന ഉറപ്പാക്കണം. ജില്ലയിലെ കമ്മ്യൂണിറ്റി റേഡിയോകളിലൂടെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകള്‍ നടത്തുന്ന പദ്ധതികളെ കുറിച്ചുള്ള അവബോധ പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 6% പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്‌പ്പ
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സാജു, ജില്ല ശുചിത്വമിഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോസഫ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് എസ് ബീന, സാമൂഹിക പ്രവര്‍ത്തകരായ തൊടിയൂര്‍ രാധാകൃഷ്ണന്‍, സന്തോഷ് തങ്ങള്‍, പ്രിയ, വകുപ്പ്തല ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.