പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം സജീവമായിരിക്കെ നിര്‍ണായകമായ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് രാവിലെ 11 മുതല്‍ ലക്നൗവില്‍ ചേരും. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് 45-മത് കൗണ്‍സില്‍ യോഗം നടക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതിനെ തുര്‍ന്നാണ് യോഗം.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും നികുതി നിരക്ക്, നികുതി നടപ്പാക്കലിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവ ചര്‍ച്ച ചെയ്യും. നിലവിലെ വില സാഹചര്യം വച്ച് ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ പെട്രോളിന് ലിറ്ററിന് 75 രൂപയും ഡീസലിന് ലിറ്ററിന് 68 രൂപയും ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാര്‍ഹിക, വാണിജ്യ ആവശ്യത്തിന് പൈപ്പിലൂടെ ലഭിക്കുന്ന പ്രകൃതി വാതകം, വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി എന്നിവ 5,18,28 പരിധിയിലേയ്ക്ക് കൊണ്ടുവന്നേക്കാം. വിമാന ഇന്ധന നികുതി നിയന്ത്രിക്കണമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയും ആവശ്യപ്പെട്ടിട്ടുണ്ട്.
പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നിലവിലെ പെട്രോള്‍ വില 101.65, ഡീസല്‍ 95.4 ഉം ആണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവയൊക്കെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മിക്ക സംസ്ഥാനങ്ങളും ഇതിനെ എതിര്‍ത്തു. സംസ്ഥാനങ്ങളുടെ നികുതി അധികാരത്തെ ബാധിക്കുന്ന ഏത് തീരുമാനത്തെയും എതിര്‍ക്കുമെന്നാണ് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ
ഗ്യാസ് സിലിണ്ടർ ഇനി ഏത് ഏജൻസിയിലും ബുക്ക് ചെയ്യാം
ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ