Updated on: 30 April, 2021 12:16 PM IST
Palakkad

കുട്ടനാട്, പാലക്കാട്,തൃശൂര്‍ മേഖലയിലാണ് ഇനി നെല്‍കൃഷി ബാക്കിയുള്ളത്. വിവധ ദുരിതങ്ങള്‍ സഹിച്ച് കുറച്ചു കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുകയാണ്. 

കഴുകന്‍ കണ്ണുകളുമായി നടക്കുന്ന നികത്തല്‍ മാഫിയയെയും അതിന് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ ഇടനിലക്കാരെയും അതിജീവിച്ചാണ് കൃഷി. സര്‍ക്കാരും കൃഷി വകുപ്പും നല്‍കുന്ന സൗജന്യവിത്തും വളവും ലോഭമില്ലാത്ത മോഹിപ്പിക്കലും അവരെ ഓരോ വര്‍ഷവും കൃഷി ചെയ്യാന്‍ പ്രചോദിപ്പിക്കുന്നു. മന്ത്രിയും എംഎല്‍എയുമൊക്കെ ചെളിയിലിറങ്ങിനിന്ന് വിത്തെറിയുന്ന ചിത്രമൊക്കെ മനോഹരമാണ്. പക്ഷെ, കൊയ്ത്തുകാലത്ത് ഇവരെ ആരെയും കാണില്ല. കൊയ്യാന്‍ യന്ത്രമുണ്ടാകില്ല, മെതിക്കാന്‍ യന്ത്രമുണ്ടാകില്ല, എല്ലാം കഴിയുമ്പോള്‍ നെല്ല് വാങ്ങാനും ആളുണ്ടാവില്ല.

ആവര്‍ത്തിക്കപ്പെടുന്ന ഈ അശ്ലീലം അവസാനിപ്പിക്കണമെന്ന് കൃഷി വകുപ്പിനോ അതിനെ മുന്നോട്ടുകൊണ്ടുപോകുന്ന മന്ത്രിക്കോ സര്‍ക്കാരിനോ തോന്നുന്നില്ല. അതോ, പുറമെ കര്‍ഷക സ്‌നേഹം പറയുകയും അകമേ പാടങ്ങള്‍ നികത്തി ആശുപത്രിയും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും മാളുകളും പണിയാന്‍ ആഗ്രഹിക്കുന്ന മുതലാളിമാര്‍ക്കൊപ്പം നിന്ന് കര്‍ഷകനെ കൃഷിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നോ ? എവിടെയോ ഒരു വൃത്തികെട്ട കാറ്റടിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയക്കാര്‍ നയിക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് കഴിയില്ല എന്നതും പകല്‍പോലെ സത്യം.

നിലവിലെ സ്ഥിതി

കൊയ്ത നെല്ല് ദിവസങ്ങളായി പാടശേഖരത്ത് കെട്ടിക്കിടക്കുന്നു. ക്വിന്റലിന് 10 രൂപ കിഴിവാണ് ഏജന്റുമാര്‍ ചോദിക്കുന്നത്. രണ്ട് കിലോ വരെ കൊടുക്കാന്‍ കര്‍ഷകര്‍ തയ്യാര്‍. അതിനപ്പുറം പോയാല്‍ നഷ്ടമാകും ഫലം. പാലക്കാട്ട് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്തത് 60,000 കര്‍ഷകരാണ്. സംഭരണം വൈകിയതോടെ മിക്ക കര്‍ഷകരും 17 രൂപക്ക് നെല്ല് ഇടനിലക്കാര്‍ക്ക് വിറ്റു. കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ലഭിക്കാത്തതിനാല്‍ സപ്ലൈകോ നെല്ലെടുക്കുന്നില്ല. കുട്ടനാട്ടില്‍ ആവശ്യപ്പെടുന്ന കിഴിവ് 16 കിലോയാണ്. അവിടെ കെട്ടിക്കിടക്കുന്നത് 30,000 ടണ്ണാണ്. തൃശൂരില്‍ സംഭരണം വൈകിയതിനാല്‍ നെല്ല് കിളിര്‍ത്തു തുടങ്ങി. ഇവിടെ ക്വിന്റലിന് 3-4 ശതമാനം കിഴിവാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്.

താങ്ങുവില

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 28 രൂപ താങ്ങുവില പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍വര്‍ഷത്തെ 27.48 രൂപയിലെ സംഭരിക്കൂ എന്നതാണ് നിലപാട്. 18.68 രൂപ കേന്ദ്രവും 8.80 രൂപ സംസ്ഥാനവുമാണ് നല്‍കുക. ഒന്നാം വിളസീസണില്‍ മില്ലുടമകളുമായി തര്‍ക്കമുണ്ടായതിനാല്‍ സഹകരണ മേഖലയെ ഇറക്കിനോക്കി സര്‍ക്കാര്‍. എന്നാല്‍ സഹകരണമേഖലയ്ക്ക് ആവശ്യമായ സംഭരണ സംവിധാനമോ അരി ഉത്പ്പാദന സംവിധാനമോ ഇല്ലാത്തതിനാല്‍ പണി പാളി.അതോടെ വീണ്ടും മില്ലുടമകള്‍ എത്തി. ഉദ്യോഗസ്ഥര്‍ പോലും അവരുടെ ഇടനിലക്കാരായി മാറുന്ന സാഹചര്യമാണുള്ളത്. വിവിധ തടസവാദങ്ങള്‍ ഉന്നയിച്ച് സപ്ലൈകോ സംഭരണം വൈകിപ്പിക്കുകയാണ്.

വില കിട്ടാനുളള കാലതാമസം

എടുത്ത നെല്ലിന്റെ വില സപ്ലൈകോ നല്‍കുന്നത് വളരെ വൈകിയാണ്. അതോടെ വായ്പ എടുത്ത് കൃഷി ചെയ്തവര്‍ പലിശയും കൂട്ടുപലിശയും നല്‍കേണ്ട ഗതികേടിലാണ്. കര്‍ഷകന്‍ 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് ലോറിയില്‍ കയറ്റാന്‍ നല്‍കുന്നത് 23 രൂപയാണ്. മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് ആറ് രൂപയും. ഇത്തരം ചൂഷണങ്ങള്‍ വേറെയും. കുട്ടനാട്ടില്‍ 20,000 കര്‍ഷകരാണ് ഒരു മാസമായി വില കാത്തിരിക്കുന്നത്. കുടിശ്ശിക 100 കോടിയിലെത്തി. ഒരേക്കറില്‍ കിട്ടുന്ന ലാഭം വെറും പതിനായിരം രൂപയില്‍ താഴെയാണ് എന്നോര്‍ക്കണം.

പരിഹാരം

കേരളത്തിലെ നെല്‍കര്‍ഷകരെ സംഘടിപ്പിച്ച് മൂന്ന് കമ്പനികള്‍ ആരംഭിക്കുക. ദക്ഷിണ -മധ്യ- ഉത്തര മേഖലകളില്‍ ഇത് തുടങ്ങാം. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വലിയ സഹായങ്ങളാണ് ലഭ്യമാക്കുക. കേരളത്തിലെ നബാര്‍ഡുമായി സഹകരിച്ച് ഇത് നടപ്പിലാക്കാം. രാഷ്ട്രീയം മാറ്റിവച്ച് കര്‍ഷകര്‍ക്കായി കമ്പനികള്‍ രൂപീകരിച്ച് കൃഷി ആരംഭിക്കുക. ആദ്യം മുതല്‍ ശാസ്ത്രീയമായ മോണിറ്ററിംഗോടെ (കൃഷി വകുപ്പിനെ ബന്ധപ്പെടുത്താതെ) ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി നടത്തി കൊയ്ത് സ്വന്തം മില്ലില്‍ കുത്തിയെടുത്ത് അരിയാക്കി, സ്വദേശത്തും വിദേശത്തും വില്‍പ്പന നടത്തിയും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തയ്യാറാക്കിയും ഓരോ കര്‍ഷകനെയും ഒരു കമ്പനിയുടമയാക്കി മാറ്റുകയാണ് വേണ്ടത്. ഇതിനുളള വില്‍പവറാകട്ടെ പുതിയ സര്‍ക്കാരിന് ഉണ്ടാകുന്നത്. വെറുതെ പ്രസ്താവന ഇറക്കുകയും പാടത്തുനിന്ന് ചിത്രവും വിഷ്വലും എടുത്ത് ചിരിക്കുകയും ചെയ്യുന്നപോലെ എളുപ്പമല്ല ഈ ശ്രമം. നല്ല ജോലിയുണ്ട്.

ഇതിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു കൃഷി മന്ത്രിക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

കടപ്പാട്: Mr. V.R. Ajith Kumar’s FB Post

English Summary: With the agricultural products in their hands, Farmers need mercy!
Published on: 30 April 2021, 12:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now