1. ഒരാഴ്ചയ്ക്കുള്ളിൽ 200 റേഷൻ കടകൾ കൂടി കെ സ്റ്റോർ ആക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 300 എണ്ണമാണ് കെ സ്റ്റോർ ആക്കിയിട്ടുള്ളത്. ഓരോ ജില്ലയിലും 15 മുതൽ 20 വരെ കടകൾ കെ സ്റ്റോർ ആക്കാനാണ് തീരുമാനം. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല് ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി,മിൽമ ഉൽപ്പന്നങ്ങൾ എന്നിവ കെ സ്റ്റോർ വഴി ലഭിക്കും.
2. കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ Smart Agriculture for Smart Farming പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 ജനുവരി 4, 5 തിയതികളിൽ നടക്കുന്ന ഈ ദ്വിദിന പരിശീലനത്തിൽ പങ്കടുക്കുന്നതിന് താൽപര്യമുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കർഷകർ 0484 2703838, 9383470961 എന്ന നമ്പറിൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 10.30 മുതൽ 3.30 വരെ വിളിച്ച് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കു മാത്രമേ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
3. കൊല്ലം ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കേക്ക് വിപണമേള വന്‍ വിജയം. ഡിസംബര്‍ 21 മുതല്‍ 23 വരെ മൂന്ന് ദിവസംകൊണ്ട് 84,175 രൂപയുടെ വിറ്റ് വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത മികച്ച 12 കുടുംബശ്രീ കേക്ക് സംരംഭകരുടെ ഉത്പന്നങ്ങളാണ് സ്റ്റാളില്‍ ലഭ്യമാക്കിയത്. ബട്ടര്‍, ക്യാരറ്റ്, ബനാന, മാര്‍ബിള്‍, ഈന്തപ്പഴം, ഹണി, ചോക്ലേറ്റ്, കേഡയബറ്റിക് ഗോതമ്പ് പ്ലം കേക്കുകള്‍, വിവിധ തരം പുഡ്ഡിംഗ്സ്, ഹോം മെയ്ഡ് ചോക്ലേറ്റ്, വൈന്‍ എന്നിവയും ലഭ്യമാക്കിയിരുന്നു. കുടുംബശ്രീ ബസാറില്‍ ഡിസംബര്‍ 11 മുതല്‍ ആരംഭിച്ച കേക്ക് മേളയില്‍ 15,230 രൂപയുടെ കേക്ക് വിറ്റഴിച്ചു. 2024 ജനുവരി മൂന്ന് വരെ കുടുംബശ്രീ ബസാറില്‍ കേക്ക് മേള തുടരും.
4. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പാരമ്പര്യ കാർഷിക ഗ്രാമമായ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ റോയി നിർവഹിച്ചു. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത കൈവരിക്കുകയും, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്ന ദൗത്യത്തിന്റെ ഭാഗമായി, എല്ലാ വ്യക്തികളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിച്ചിരിയ്ക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേയ്ക്ക്.