ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇനി വനിതകൾ തെങ്ങ് കയറും. മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം വനിതകൾക്കുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് നിർവഹിച്ചു.
തെങ്ങുകയറ്റ സ്ത്രീകൾക്ക് സ്ഥിരവരുമാനം ലഭ്യമാകുന്നതോടൊപ്പം മേഖലയിലെ തൊഴിലാ ളികളുടെ ക്ഷാമം പദ്ധതി വഴി പരിഹരിക്കപ്പെടുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയുടെ കീഴിലാണ് യന്ത്രവൽകൃത തെങ്ങുകയറ്റത്തിൽ വനിതകൾക്ക് പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചവർക്കാണ് തെങ്ങുകയറ്റ യന്ത്രങ്ങൾ നൽകിയത്.
ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാകും തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രവർത്തനം. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തൊഴിലാളി സംഘം ബാങ്ക് അക്കൗണ്ട് വഴി കൂലി ലഭിക്കും. പഞ്ചായത്തുതല വി.ഇ.ഒമാർക്കാണ് ഏകോപന ചുമതല.