ലോകത്തെ ഏറ്റവും മനോഹരമായ നിശാശലഭങ്ങളില്‍ ഒന്നാണ് അരളി നിശാശലഭം’ അഥവാ ഒലിയാന്‍ഡര്‍ ഹോക്ക് മോത്ത്. ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഇവ വേനലില്‍ യൂറോപ്പിലേക്ക് ദേശാടനം നടത്തുന്ന ശലഭംകൂടിയാണ്. ഇവയുടെ ചിറകുകൾ 90 മുതല്‍ 110 മില്ലീമീറ്റര്‍വരെ വികസിക്കും.അപൂര്‍വമല്ലെങ്കിലും സാധാരണ നിശാശലഭങ്ങളെപ്പോലെ ഇവയെ കണ്‍വെട്ടത്ത് കിട്ടുക ബുദ്ധിമുട്ടാണ്.നിറത്തിലെ പച്ചപ്പുകാരണം പട്ടാളപ്പച്ചശലഭം എന്നും വിളിപ്പേരുണ്ട്. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് അരളി നിശാശലഭത്തിന്റെ ചിത്രം പകര്‍ത്തിയിരിക്കുകയാണ് വന്യജീവി ഫോട്ടോഗ്രാഫറായ അബ്ദുൽ നൗഷാദ്.
ലോകം മുഴുവന്‍ ജൂലായ് 20 മുതല്‍ 28 വരെ നിശാശലഭ നാളുകളായി ആചരിക്കാന്‍ തുടങ്ങവേയാണ് തൃശ്ശൂരില്‍നിന്ന് അരളി നിശാശലഭത്തിൻ്റെചിത്രം പകർത്തിയിരിക്കുന്നത്. നാഷണല്‍ മോത്ത് വീക്ക് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ എട്ടാം പതിപ്പാണിത്. എണ്‍പതോളം രാജ്യങ്ങളുള്ളതില്‍ ഇന്ത്യയും അംഗമാണ്. വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യു.ഡബ്ല്യു.എഫ്.) കേരള ഘടകവും നിശാശലഭവാരം ആചരിക്കുന്നുണ്ട്. ശലഭങ്ങളെ കണ്ടെത്താല്‍, ചിത്രമെടുക്കല്‍, പഠനം, വിവരങ്ങള്‍ രേഖപ്പെടുത്തല്‍, സെമിനാറുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.ശാസ്ത്രശാഖയില്‍ ഇനിയും പഠനങ്ങളേറെ നടക്കാനുള്ള വിഭാഗമാണ് നിശാശലഭങ്ങള്‍. ലോകത്ത് ഒന്നരലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ നിശാശലഭ വര്‍ഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.