1. വ്യാപക മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദത്തിന്റെ സ്വാദീന ഫലമായാണ് മഴ ശക്തമാകുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. അതേസമയം, കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾ: പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന; അവസാന തീയതി നാളെ
2. റബ്ബറുത്പന്ന നിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിൽ ചേരാൻ അവസരം. കോട്ടയം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ നടക്കുന്ന 3 മാസത്തെ കോഴ്സ് ഒക്ടോബര്‍ 4ന് ആരംഭിക്കും. 21,000 രൂപയാണ് ഫീസ്. കോഴ്‌സിലൂടെ റബ്ബര്‍ കോമ്പൗണ്ടിങ്, ഉത്പന്നനിര്‍മ്മാണം, അസംസ്‌കൃതവസ്തുക്കളുടെയും ഉത്പന്നങ്ങളുടെയും പരിശോധന, ലാറ്റക്‌സ് ടെക്‌നോളജി എന്നിവയിലെല്ലാം പ്രാവീണ്യം നേടാം. അക്കാദമിക/ വ്യവസായിക മേഖലകളില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കോഴ്‌സ് സഹായിക്കും. കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 04812353127 എന്ന നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
3. നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ നിർമാണത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 4 ദിവസം വരെയാണ് പരിശീലനം നടക്കുക. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിവയ്ക്ക് ഏക ദിന പരിശീലനം നൽകും. തെങ്ങിന്‍ പൊങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, നാളികേര ഐസ്‌ക്രീം എന്നിങ്ങനെ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളുടെ ടെക്‌നോളജി താല്പര്യമുള്ളവര്‍ക്കും കോഴ്സിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് 0484-2679680 എന്ന നമ്പറില്‍ തിങ്കള്‍ – വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിക്കുളളില്‍ ബന്ധപ്പെടാവുന്നതാണ്. cit-aluva@coconutboard.gov.in എന്ന ഇമെയിലിലും ബന്ധപ്പെടാം.
4. ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയിൽ ഒരു പശു യൂണിറ്റിനുളള അപേക്ഷ ക്ഷണിക്കുന്നു. ഇടുക്കി ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇത്തരത്തിലുളള ഒരു യൂണിറ്റിന് 95,400 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.