1. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 3 ചക്രവാത ചുഴികളാണ് കേരളത്തിൽ മഴ സാധ്യത കൂട്ടുന്നത്. തെക്ക് കിഴക്കൻ ഉത്തർ പ്രദേശിന് മുകളിലും, തെക്കൻ ഛത്തീസ്ഗഡിന് മുകളിലും, തീരദേശ തമിഴ്നാടിന് മുകളിലുമാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കൂടാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കൂടാതെ, ഈ മാസം 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾ: PM Kisan; 3 വർഷത്തെ തുക തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടീസ്!!
2. പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭം പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വനിത സംരംഭകര്‍ക്ക് അപേക്ഷിക്കാം. 18 മുതല്‍ 55 വയസുവരെയുള്ള തൊഴില്‍ രഹിതര്‍ക്കാണ് അപേക്ഷിക്കാവുന്നത്. കുറഞ്ഞത് രണ്ട് പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പായിരിക്കണം. പരമാവധി സബ്‌സിഡി ഗ്രൂപ്പിന് 3,75,000 രൂപയും വായ്പാ ബന്ധിതവുമായിരിക്കും. അര്‍ഹതയുള്ള സംരംഭകര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം തൊഴില്‍(ഗ്രൂപ്പിന്) ധനസഹായം ലഭിച്ചിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയത്, സംരംഭകരുടെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, അംഗങ്ങളുടെ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അംഗങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്: 0491 2505005.
3. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആട് വളര്‍ത്തല്‍ പരിശീലനം ഒക്‌ടോബര്‍ 5,6 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. ഫോൺ: 0471 2732918.
4. ലോക പേവിഷ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28ന് ആലപ്പുഴ ബീച്ചില്‍ വച്ച് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ 3.30 വരെ സെമിനാര്‍ നടക്കും. വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ നടക്കുന്ന റാബീസ് അവയര്‍നസ് ഓട്ടത്തില്‍ വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടാം.