വാഴൂർ: ക്ഷീരകർഷകർക്കു ധനസഹായം നൽകുന്നതിനുള്ള ക്ഷീരശ്രീ വെബ് പോർട്ടലിന്റെ പ്രവർത്തനം വാഴൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ക്ഷീര വികസന വകുപ്പു നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള 20 ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലയിൽ നിന്നു വാഴൂരും ഉൾപ്പെട്ടിട്ടുണ്ട്.
50 ലക്ഷം രൂപയാണ് ഓരോ പഞ്ചായത്തിനും വകയിരിത്തിയിട്ടുള്ളത്. പദ്ധതിപ്രകാരം രണ്ടു പശു അടങ്ങുന്ന 32 യൂണിറ്റുകൾക്കു 46,500/- രൂപ വീതം ആകെ 14.88 ലക്ഷം രൂപ അനുവദിക്കും. അഞ്ചുപശുക്കൾ അടങ്ങുന്ന നാല് യൂണിറ്റുകൾക്ക് 1,32,000/- രൂപ വീതം 5.28 ലക്ഷം രൂപയും നൽകും.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ മാതൃകയില്‍ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട സംഘം ആരംഭിക്കും
ഡയറി ഫാമുകളുടെ യന്ത്രവൽക്കരണത്തിനും ആധുനികവത്കരണത്തിനുമായി (കാലിത്തൊഴുത്ത് നവീകരണ ഉപകരണങ്ങൾ ഉൾപ്പെടെ) 51 ഗുണഭോക്താക്കൾക്കായി 50,000/-രൂപ വീതം നൽകും; ആകെ 25.5 ലക്ഷം രൂപ. കറവയന്ത്രം യൂണിറ്റ് സ്ഥാപിക്കാൻ 11 പേർക്ക് 30,000 രൂപ വീതം നൽകും. ആകെ 3.3 ലക്ഷം രൂപ. ക്ഷീരഗ്രാമം പദ്ധതിയിൽ സംഘത്തിൽ പാലളക്കുന്ന 420 പേർക്ക് മേൽത്തരം മിനറൽ മിക്ചർ വിതരണം ചെയ്യുന്നതിനായി 56,700/- രൂപ വകയിരുത്തിയിട്ടുണ്ട്.
വാഴൂർ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയോ ksheerasree.kerala.gov.in എന്ന പോർട്ടൽ വഴിയോ 2023 ജനുവരി 17 വരെ അപേക്ഷിക്കാം. ഫോൺ: 0481 2417722, 7907979874, 9633936768.