ആലപ്പുഴ: ലൈഫ് ഭവനപദ്ധതി, വനിതാ ശാക്തീകരണം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍. ലൈഫ് ഭവന പദ്ധതിക്ക് 15 കോടിയും വനിതാ ശാക്തീകരണത്തിന് നാലു കോടിയും പാലിയേറ്റീവ് പദ്ധതിക്ക് രണ്ട് കോടി രൂപയും നീക്കി വയ്ക്കാന്‍ വികസന സെമിനാര്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ബജറ്റില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് വിഭാവന ചെയ്ത പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. ഇത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അവര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആയവന ഗ്രാമപഞ്ചായത്ത്
കാര്‍ഷിക പദ്ധതി സമയബന്ധിതമായി നടപ്പിലാക്കല്‍, വനിത ഗ്രൂപ്പുകള്‍ക്ക് ഡയറി ഫാം സ്ഥാപിക്കല്‍, സാമൂഹിക പശു വളര്‍ത്തല്‍, പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം, ട്രാന്‍സ്ജെന്‍ഡേഴ്സിന് തൊഴില്‍ പരിശീലനം, ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തൊഴില്‍ സംരംഭം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, വനിതകളുടെ സമഗ്ര വിവരശേഖരണത്തിനായി പോര്‍ട്ടല്‍, 'കരുതലോടെ കൂടാം'' സമഗ്ര വിദ്യാഭ്യാസ പരിപാടി തുടങ്ങിയ പദ്ധതികള്‍ സെമിനാര്‍ വിഭാവന ചെയ്തു.
ഹൈടെക് ക്ലാസ് റൂം സൗകര്യങ്ങള്‍, സ്റ്റുഡന്റ് പാലിയേറ്റീവ് ഫോറം, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ്ന് മരുന്നു വാങ്ങി നല്‍കല്‍, ആരോഗ്യ ക്യാമ്പ് തുടങ്ങിയ 2023- 24 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷം ജില്ല സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളെക്കുറിച്ചും കരട് വികസന പദ്ധതി രേഖയിലുള്ള ചര്‍ച്ചയും യോഗത്തില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷനായി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് വികസന രേഖ അവതരിപ്പിച്ചു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് താഹ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, എന്‍.എസ് ശിവപ്രസാദ്, ബിനു ഐസക്ക് രാജു, എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വിവിധ തദ്ദേശ ഭരണ മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.