സഞ്ചാരപ്രേമികളുടെ പ്രിയപ്പെട്ട കൊച്ചു കേരളത്തിൽ ആദ്യ ഇക്കോ- ടൂറിസം നടപ്പിലാക്കുന്നത് കൊല്ലത്തെ തെന്മലയിലാണ്. കാടും മലയും കാട്ടാറും, കണ്ണറപ്പാലവും, പാലരുവിയും, അണക്കെട്ടും അങ്ങനെ പ്രകൃതിയും മനുഷ്യനിർമിതിയും നിറഞ്ഞ നാടാണ് തെന്മല. സ്കൂളുകളിൽ നിന്നായാലും, കുടുംബത്തിനൊപ്പവും, ഒഴിവുദിനങ്ങൾ ഉല്ലാസകരമാക്കാനുമെല്ലാം ഇവിടേക്ക് ഒട്ടനവധി ആളുകൾ എത്താറുണ്ട്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കും വെള്ളച്ചാട്ടം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഉന്മേഷവും ഊർജ്ജവും തരുന്ന അനുഭവമാണ് തെന്മലയിലും പരിസര പ്രദേശങ്ങളിലുമുള്ളത്.
ഇപ്പോഴിതാ, തുച്ഛമായ പൈസയ്ക്ക് തെന്മലയും പാലരുവിയും റോസ്മലയും ആസ്വദിച്ച് കണ്ടുവരാനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.
ശനിയാഴ്ച (08-01-2022) മുതലാണ് ഈ പ്രത്യേക യാത്രാ സർവീസ് ആരംഭിച്ചത്. കൊല്ലത്ത് നിന്ന് ആരംഭിച്ച്, തെന്മല, റോസ്മല, പാലരുവി എന്നിവിടങ്ങളിലേക്കായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൈയിലൊതുങ്ങുന്ന പണത്തിൽ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്ത് തിരികെ വരാമെന്നതും ഇതിന്റെ ആകർഷണീയമായ ഘടകമാണ്.
യാത്രയെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും വിശദമായി അറിയാം…
പാലരുവി
പേര് സൂചിപ്പിക്കുന്ന പോലെ പാലിന് സമാനമായി നുരഞ്ഞൊഴുകുന്ന വെള്ളമാണ് പാലരുവിയിലേത്. കണ്ണിന് കുളിർമയേകുന്ന മനോഹരമായ വെള്ളച്ചാട്ടം. പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് ഏതാണ്ട് 300 അടിയോളം ഉയരത്തില്‍ വെള്ളം താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്. കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്തുള്ള ഇടനാടന്‍ കുന്നുകളിലാണ് പാലരുവി സ്ഥിതി ചെയ്യുന്നത്.
ഏത് വേനൽക്കാലത്ത് പോയാലും ഐസ് പോലെ കുളിരുള്ള വെള്ളവും ഉയരത്തിൽ നിന്ന് വന്ന് പതിക്കുന്ന കൂറ്റൻ വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നു. കൂടാതെ, വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകളും വലം ചെയ്ത് നിൽക്കുന്ന വനവും സന്ദർശകരുടെ മനം കവരും. എന്നാൽ, മഴക്കാലത്ത് പുഴയില്‍ നീരൊഴുക്ക് കൂടുതലായതിനാൽ അപകട സാധ്യതയും വലുതാണ്.
തെന്മല
കൊല്ലം ജില്ലയിലെ പുനലൂരിനെയും തമിഴ്നാടിന്റെ ചെങ്കോട്ടയെയും ബന്ധിപ്പിക്കുന്ന മേഖലയാണ് തെന്മല. തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട്, ഡിയർ പാർക്ക് തുടങ്ങി വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി നിരവധി കാഴ്ച വിസ്മയങ്ങൾ പ്രകൃതിയിൽ തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം കൂടിയായ തെന്മലയിൽ ഏർമാട വാസവും ട്രെക്കിങ്ങും പോലുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സേവ് ദി ഡേറ്റ് പോലെ കല്യാണ ഫോട്ടോഷൂട്ടുകളുടെ ഫേവറിറ്റ് സ്പോട്ട് കൂടിയാണിവിടം.
റോസ്മല
ആര്യങ്കാവ് റോസ്മല പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള മികച്ച സ്ഥലമാണ്. ആര്യങ്കാവ് വന മേഖലയ്ക്കും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായാണ് റോസ്മല സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. തേയിലത്തോട്ടങ്ങളാലും വന്യഭംഗിയാലും പ്രകൃതി നിറഞ്ഞു നിൽക്കുന്ന അതിമനോഹരമാണ് സ്ഥലമാണ് റോസ്മല.
പാലരുവിയുടെയും റോസ്മലയുടെയും തെന്മലയുടെയും ഭംഗി ഇപ്പോൾ വായിച്ചറിഞ്ഞ് പോകാൻ ആഗ്രഹിക്കുന്നവർക്കും, ഈ സ്ഥലങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, ഇതുവരെ പോകാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: പൊങ്കലോ പൊങ്കൽ; 5 ലക്ഷത്തിലധികം കുടുംബങ്ങൾക്കായി പൊങ്കൽ കിറ്റ് വിതരണം തുടങ്ങി
വെറും 750 രൂപയാണ് ഈ മൂന്നിടങ്ങളിലേക്കുമുള്ള ചാർജ്. ഇതിൽ പ്രവേശന ഫീസും ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ഫോൺ: 0474-2752008, മൊബൈൽ: 7907273399, 9074780146 (കെ.എസ്.ആർ.ടി.സി, കൊല്ലം) എന്ന നമ്പരിൽ ബന്ധപ്പെടുക.