പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൃശ്യവിസ്മയങ്ങളാൽ സമ്പന്നമാണ് കേരളം. സഹ്യന്റെ
മടിത്തട്ടിൽ നിദ്ര പുൽകി, അറബിക്കടലിന്റെ നനുത്ത സ്പർശനമേറ്റുണർന്ന് ഹരിത
ഭംഗിയാൽ നിറം പൂണ്ട് നിൽക്കുന്ന കേരളത്തിന്റെ 14 ജില്ലകളും വൈവിധ്യ
സംസ്കാരത്താലും പ്രസിദ്ധമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വന്യഭംഗിക്കൊപ്പം ഒരു രാത്രി; കേരളത്തിലെ 7 ട്രീ ഹൗസുകൾ
ഇവിടത്തെ ഓരോ നാടിനും ഓരോ കഥയുണ്ട്. ജലസമൃദ്ധിയാലും ജൈവസമൃദ്ധിയാലും കലാമികവിലും, സുഗന്ധവ്യജ്ഞനങ്ങളാലും സവിശേഷമായ ആഘോഷങ്ങളാലും ലോകത്തിന്റെ പല കോണുകളിലും ഈ കൊച്ചുകേരളം തിരിച്ചറിയപ്പെടുന്നു. വിദേശികളും സ്വദേശികളുമായി വിനോദ സഞ്ചാരികളും നിരവധി എത്തുന്ന നാടാണിത്.
വയനാട്, മൂന്നാർ, കൊച്ചി, കുട്ടനാട് പോലുള്ള പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല, കേരളത്തിന്റെ അങ്ങോളമിങ്ങോളം നിരവധി പ്രദേശങ്ങളിലെ ഗ്രാമഭംഗി യാത്രികരെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു.
അത്തരത്തിൽ കൊല്ലം ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടുകളാണ്
സാംബ്രാണിക്കോടി, മൺറോ തുരുത്ത് എന്നിവ. കുട്ടനാടിനോട് സാദൃശ്യമുള്ള അഥവാ കൊല്ലത്തിന്റെ സ്വന്തം കുട്ടനാട് എന്നറിയപ്പെടുന്ന മൺറോ തുരുത്തിലേക്ക് ഒരു യാത്ര ഈ നാടിനെ കുറിച്ച് അറിയുന്ന മിക്കയാളുകളും ആഗ്രഹിച്ചിട്ടുണ്ടാകും. അഷ്മടമുടിക്കായലിന്റെ തീരം പുൽകി കിടക്കുന്ന, ചരിത്രപരമായ സാംബ്രാണിക്കോടിയും കൊല്ലത്തിന്റെ
കായലും കരയും ചേർന്ന് ഗ്രാമീണഭംഗിയുടെ മറ്റൊരു നിറക്കാഴ്ചയാണ്.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന
തിരുമുല്ലവാരം ബീച്ചും സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. ഇവിടെയെല്ലാം വളരെ ചുരുങ്ങിയ ചെലവിൽ, ഒറ്റ ട്രിപ്പിൽ പോയ് വരാൻ കാത്തിരിക്കുന്നവർക്കായി ഒരു സുവർണാവസരം ഒരുക്കുകയാണ് കെകെഎസ്ആർടിസി. യാത്രാമോഹികൾക്കായുള്ള കെഎസ്ആർടിസിയുടെ ഒരു പുതുവർഷ സമ്മാനമാണിതെന്നും പറയാം.
യാത്രയുടെ വിശദ വിവരങ്ങൾ
ജനുവരി 2 മുതൽ കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നുമാണ് യാത്ര. മൺറോ തുരുത്ത്-
സാംബ്രാണിക്കോടി -തിരുമുല്ലവാരം ബീച്ച് സർവീസിന് 650 രൂപയാണ് ടിക്കറ്റ്
നിരക്ക്.
പ്രകൃതി ഭംഗിയാൽ പേര് കേട്ടതാണ് ഈ മൂന്നിടങ്ങളും. അഷ്‌ടമുടിക്കായലിനും
കല്ലടയാറിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മൺറോ
തുരുത്ത്. ഇവിടത്തെ കായലും, പച്ച പുതച്ചു കിടക്കുന്ന തുരുത്തുമാണ് പ്രധാന
ആകർഷണം.
അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്താണ് വിനോദസഞ്ചാര കേന്ദ്രമായ
സാംമ്പ്രാണിക്കോടി. പണ്ട് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഇതിന്റെ
തീരത്താണ് നങ്കൂരമിട്ടത്. അങ്ങനെ ചരിത്രഘടകങ്ങൾ കൂടി നിറഞ്ഞതാണ്
സാംമ്പ്രാണിക്കോടി എന്ന ദ്വീപ്.
കൊല്ലത്തെ മറ്റൊരു ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാണ് തിരുമുല്ലവാരം ബീച്ച്. ഡിസ്കവറി ചാനൽ നടത്തിയ ഒരു സർവേ ഫലപ്രകാരം മനോഹരമായ പത്തു കടൽത്തീരങ്ങളിലൊന്നായും തിരുമുല്ലവാരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
മൺറോ തുരുത്തും സാംബ്രാണിക്കോടിയും തിരുമുല്ലവാരം ബീച്ചും ഒറ്റ പാക്കേജിൽ ആസ്വദിച്ച് തിരികെ വരാമെന്ന അവസരമാണ് കെഎസ്ആർടിസിയുടെ കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന സർവീസിലൂടെ ലഭ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടേണ്ട
നമ്പറുകൾ:
കുളത്തൂപ്പുഴ ഡിപ്പോ ഇ മെയിൽ- klp@kerala.gov.in, മൊബൈൽ -9447057841, 954444720, 9846690903, 9605049722, 18005994011 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബഡ്‌ജറ്റ് ടൂറിസം സെൽ ഇമെയിൽ-btc.ksrtc@kerala.gov.in