മത്തങ്ങ കൊണ്ട് രുചിയിൽ പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, മത്തങ്ങ സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണെന്ന് അറിയാമോ? മുഖത്തിനും ശരീരത്തിലെ ചുളിവുകളും പാടുകളും മാറ്റാനും നാടൻരീതികൾ നോക്കുന്നവർക്ക് മത്തങ്ങ നന്നായി പ്രയോജനപ്പെടും. അവയിൽ മത്തങ്ങ സൗന്ദര്യപരിപാലനത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
കഴുത്തിലെ കറുപ്പ് മാറ്റാം
മുഖം മനോഹരമാക്കുക എന്നത് പോലെ കഴുത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ കഴുത്തിലെയും കക്ഷത്തിലെയും നിറങ്ങൾ തമ്മിൽ സാരമായി വ്യത്യാസം തോന്നിയേക്കാം.
കഴുത്തിലെ കറുപ്പ് നിറം മാറാൻ മത്തങ്ങ പ്രകൃതിദത്തമായ പ്രതിവിധിയാണ്. ആദ്യം മത്തങ്ങ അരച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് യോജിപ്പിച്ച് കഴുത്തിൽ നന്നായി സ്‌ക്രബ് ചെയ്യുക. ഇത് വൃത്തിയാക്കിയ ശേഷം മത്തങ്ങ കുഴമ്പുപരുവത്തിലാക്കി, ഇതിൽ മുട്ടയുടെ വെള്ളയും കടല മാവും ചേർത്ത് യോജിപ്പിക്കണം. ഇത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം.
കക്ഷത്തിലെ കറുപ്പ് അകറ്റാം
കക്ഷത്തിലെ കറുപ്പ് മാറ്റാൻ പല ബ്യൂട്ടിടിപ്സുകളും പയറ്റി നോക്കിയിട്ടും ഫലം കാണാത്തവർക്ക് മത്തങ്ങയും പരീക്ഷിച്ച് നോക്കാം. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കണമെന്ന് ആഗ്രഹിക്കുന്നവർ കക്ഷത്തിലെ ഇരുണ്ട നിറത്തിൽ ഇനി ആശങ്കാകുലരാവേണ്ട. കൃത്രിമ വസ്തുക്കൾ പരീക്ഷിച്ച് ശരീരത്തിന് ദോഷം വരുത്തുമെന്നും ചിന്തിക്കണ്ട.
മത്തങ്ങയ്ക്കൊപ്പം അൽപം കറ്റാർ വാഴയും തൈരും ചേർത്താൽ മതി. കറ്റാർ വാഴയും മത്തങ്ങ പേസ്റ്റും തൈരുമായി യോജിപ്പിച്ച ശേഷം കക്ഷത്തിൽ പുരട്ടുക. തൈരിന് പകരം നാരങ്ങാ നീരും ഉപയോഗിക്കാവുന്നതാണ്. ഇത് ഉണങ്ങാനായി അര മണിക്കൂർ കാത്തിരിക്കുക. ശേഷം ഇത് കഴുകി വൃത്തിയാക്കി മോയിസ്ചറൈസർ പുരട്ടണം.
പാദങ്ങൾക്കും വേണം സൗന്ദര്യം
സുന്ദരവും മൃദുലവുമായ പാദങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്. കാലുകളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും അത്രയേറെ പ്രാധാന്യം കൊടുക്കുന്നവർ തീർച്ചയായും മത്തങ്ങ കൊണ്ടുള്ള ഈ പൊടിക്കൈയും പ്രയോഗിച്ചു നോക്കേണ്ടതാണ്. ഇതിനായി ആദ്യം മത്തങ്ങയും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. ഇത് കാലിൽ സ്ക്രബ് ചെയ്യുക. ശേഷം മത്തങ്ങ പേസ്റ്റ്, തേൻ, ആപ്പിൾ സിഡാർ വിനാഗിരി എന്നിവ ചേർത്ത് പാദങ്ങളിൽ തേക്കുക. കാലുകൾക്ക് വൃത്തി വരുന്നതിനും സ്വാഭാവിക തിളക്കം ലഭിക്കുന്നതിനും മത്തങ്ങ ഗുണകരമാണ്.
ചർമത്തിന് മാത്രമല്ല, മത്തങ്ങ ഫലപ്രദം. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ ശരീരത്തിന് പ്രയോജനകരമാകുന്ന നിരവധി ഘടകങ്ങളുടെ സ്രോതസ്സാണ് മത്തങ്ങ.
ബന്ധപ്പെട്ട വാർത്തകൾ: സംശയിക്കേണ്ട ; മത്തങ്ങ നല്‍കും ഈ ആരോഗ്യഗുണങ്ങള്‍
കേശ സംരക്ഷണത്തിനും പച്ചക്കറിയായി നാം വീട്ടുവളപ്പിൽ നട്ടുവളർത്തുന്ന ഈ വിളയെ ഉപയോഗിക്കാം. വരണ്ട മുടിയുള്ളവർക്ക് തിളക്കവും ആരോഗ്യവുമുള്ള മുടിയ്ക്കായി വേവിച്ച മത്തങ്ങയെ ആശ്രയിക്കാം. രണ്ട് കപ്പ് വേവിച്ച മത്തങ്ങയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ തേനും ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് കൂടി ചേർത്താൽ മികച്ച ഫലം തരും. ഈ മിശ്രിതം മുടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. കേശ സംരക്ഷണത്തിൽ അധികം ശ്രദ്ധ കൊടുക്കുന്നവർ മത്തങ്ങ കൊണ്ടുള്ള ഈ ടിപ്സ് തീർച്ചയായും ശ്രമിക്കണം.