ക്ഷീണം പലതരത്തിലാണ്. അമിതമായി പണിയെടുത്താലോ സമ്മർദങ്ങൾ കൊണ്ടോ ക്ഷീണമുണ്ടാകാം. ചിലപ്പോൾ രോഗങ്ങൾ മൂലവും പ്രായം കാരണവും അതിയായി ക്ഷീണമുണ്ടായേക്കാം. നമ്മൾ കഴിയ്ക്കുന്ന ആഹാരത്തിന്റെ അളവ് കൃത്യമല്ലെങ്കിലും അവയിലെ പോഷകഘടങ്ങളുടെ അഭാവവുമെല്ലാം ക്ഷീണം ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്. എന്നാൽ ഇങ്ങനെ ക്ഷീണം തോന്നുമ്പോൾ കഴിക്കാൻ ഉത്തമമായ ഭക്ഷണങ്ങളുണ്ട്. ഇവയേതെന്ന് നിങ്ങൾക്കറിയാമോ?
വാഴപ്പഴം
പലപ്പോഴും വിശപ്പിന് പരിഹാരമായി നമ്മൾ വാഴപ്പഴം കഴിയ്ക്കാറുണ്ട്. വിശപ്പിന് മാത്രമല്ല, ആരോഗ്യത്തിനും പ്രത്യേകിച്ച് ശരീരത്തിന് ഊർജ്ജം നൽകുന്നതിനും പഴം ഫലപ്രദമാണ്.
പഴത്തിലുള്ള പ്രകൃതിദത്ത പഞ്ചസാരകളായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ ക്ഷീണം അകറ്റാൻ സഹായിക്കുന്നു. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളിലൂടെ ഊര്‍ജത്തിന്റെ തോത് വര്‍ധിപ്പിക്കാൻ പഴം കഴിയ്ക്കുന്നതിലൂടെ സാധിക്കും. വയറ്റിൽ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാനും വാഴപ്പഴത്തിന് സാധിക്കും.
ചീര
ചീര കണ്ണിന് മാത്രമല്ല, ക്ഷീണത്തെ ചെറുക്കാനും സഹായിക്കുന്നു. ചീര ഉൾപ്പെടുന്ന ഇലവർഗങ്ങളിൽ വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഇതിൽ ഇരുമ്പിന്റെ അംശവും അധികമാണ്. അയണ്‍ കുറവ് മൂലം ശരീരത്തിന് ക്ഷീണം തോന്നുന്നുവെങ്കിൽ ചീര നല്ലതാണ്. അതിനാൽ തന്നെ ക്ഷീണം മാറ്റാൻ ചീര ഉറപ്പായും കഴിയ്ക്കാം. വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ചുവന്ന ചീര മികച്ച മരുന്നാണ്.
കൂടാതെ, തലച്ചോറിലെ കോശങ്ങളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം ത്വരിതപ്പെടുത്തുന്നതിലും ചീര നിർണായക പങ്ക് വഹിക്കുന്നു. ആര്‍ത്തവസമയത്ത് രക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കുന്നതിനായി ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാൻ ശ്രദ്ധിക്കുക. പ്രസവാനന്തരമുള്ള വിളര്‍ച്ച രോഗങ്ങൾക്കും ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പരിഹാരമാകും.
ബീറ്റ്‌റൂട്ട്
ചീര പോലെ ബീറ്റ്‌റൂട്ടും അയണിന്റെ കലവറയാണ്. ശരീരത്തിന്റെ ക്ഷീണം മാറ്റാൻ ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പോഷകങ്ങൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയും ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, സിങ്ക്, ചെമ്പ് തുടങ്ങി നിരവധി പോഷകങ്ങളും ബീറ്റ്‌റൂട്ടിൽ ഉൾക്കൊള്ളുന്നു.
ഏറ്റവും ശക്തമായ 10 ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് ബീറ്റ്റൂട്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഈന്തപ്പഴം
ആരോഗ്യത്തിന് മികച്ച രീതിയിൽ പ്രയോജനം ചെയ്യുന്ന ഒന്നാണ് ഈന്തപ്പഴം. കാർബണുകൾ, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ, വിറ്റാമിൻ ബി 6 തുടങ്ങി ഒട്ടനവധി വിറ്റാമിനുകളും ധാതുക്കളും ഇവയിൽ സമ്പുഷ്ടമായി ചേർന്നിരിക്കുന്നു.
ഈന്തപ്പഴം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നു. ഹീമോഗ്ലോബിൻ അളവ് പരിപോഷിപ്പിക്കുന്നതിലും, ഊർജ്ജ നില മെച്ചപ്പെടുത്തുന്നതിനും ഈന്തപ്പഴം ഗുണപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?
ഫൈബറുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമായതിനാൽ തന്നെ ഈന്തപ്പഴം ശരീരത്തിന് ഊർജ്ജം നൽകുന്നതിന് സഹായകരമാകും. ഈന്തപ്പഴത്തിലെ പോഷകഗുണങ്ങൾ ശരീരത്തിലെ ക്ഷീണം അകറ്റാനും നല്ലതാണ്.