വീട് ശുചിയാക്കിയാലും ആഴ്ചയിൽ ആഴ്ചയിൽ ചിലന്തി വല കെട്ടുന്നത് വീട് വൃത്തിയായി സൂക്ഷിക്കുന്നതിനെതിരെയുള്ള വെല്ലുവിളിയാണ്. ചിലന്തി വലയും മാറാലയും എത്ര വൃത്തിയാക്കിയാലും തുടരെത്തുടരെ വരുന്ന പ്രശ്നത്തിന് ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ശരിയാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പല്ലിയെ തുരത്താൻ സിമ്പിളാണ്; പോംവഴി വീട്ടുമുറ്റത്തുണ്ട്
വീട് വർഷം തോറും പെയിന്റ് ചെയ്യുന്നത് ചിലന്തി, വല നെയ്യാതിരിക്കുന്നതിന് സഹായിക്കും. വീടിനകം വൃത്തിയായിരുന്നാൽ ഒരു പരിധി വരെ ചിലന്തിയെ നിയന്ത്രിക്കാം. വീട്ടില്‍ മാറാലയും പൊടിയും നിറഞ്ഞിരുന്നാൽ ഇവിടെ പ്രാണികൾ അകപ്പെടാനും ഇതിനെ ഭക്ഷിക്കാൻ ചിലന്തിയും വരും. അതിനാൽ മുറികൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്.
ഇവയെ തുരത്താൻ, നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ അധിക ചെലവുകളൊന്നുമില്ല. വീടുകളിൽ തന്നെ ലഭ്യമാകുന്ന സാധനങ്ങൾ ഉപയോഗിച്ച് ചിലന്തിയെ അകറ്റി നിർത്താനുള്ള വഴികൾ എങ്ങനെയെന്നാണ് ഇവിടെ വിവരിക്കുന്നത്.
ചിലന്തിയ്ക്കെതിരെ ഈ പൊടിക്കൈകൾ (These Tips To Get Rid Of Spider)
-
സോഡാപ്പൊടി(Baking Soda)
ചിലന്തിയ്ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ സോഡാപ്പൊടി സഹായിക്കും. ഇതിനായി ആദ്യം ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് സോഡാപ്പൊടി ഇടുക. ചിലന്തിയുടെ ശല്യം രൂക്ഷമാണെങ്കിൽ കൂടുതൽ സോഡാപ്പൊടി ആവശ്യമാണ്. ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക.
മോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ചുമരുകളിലും മറ്റും ഈ ലായനി സ്പ്രേ കുപ്പിയിലാക്കി സ്പ്രേ ചെയ്തുകൊടുക്കാവുന്നതാണ്. ഇത് മാറാലയെ നശിപ്പിക്കുകയും ചിലന്തി ശല്യം നിയന്ത്രിക്കുകയും ചെയ്യും.
-
നാരങ്ങത്തൊലി (Peel Of Lemon)
ഇത് കൂടാതെ, മാറാലയും ചിലന്തിയും കൂടുതലായുള്ള സ്ഥലത്ത് ഉപയോഗിച്ച് കഴിഞ്ഞ നാരങ്ങയുടെ തൊണ്ട് വയ്ക്കാം. ഇത് സ്ഥിരമായി വച്ചാൽ ചിലന്തി വീടുകളിൽ താമസമാക്കില്ല.
-
പുതിനയില (Mint)
ചിലന്തിയെ പുതിനയില കൊണ്ടും ഫലപ്രദമായി നേരിടാം. അതായത്, ചിലന്തിയുടെ ശല്യം കൂടുതലായുള്ള മൂലകളിലും മറ്റും പുതിനയില കൊണ്ടുണ്ടാക്കിയ തൈലം സ്‌പ്രേ ചെയ്യുക.
-
വിനാഗിരി (Vinegar)
ചിലന്തികളെ തുരത്താനുള്ള മറ്റൊരു മാര്‍ഗമാണ് വിനാഗിരി. പുതിനയ്ക്കൊപ്പം വിനാഗിരി കൂടി ചേർത്ത് വീട്ടിലും പരിസരങ്ങളിലും സ്‌പ്രേ ചെയ്യുന്നതിലൂടെ ചിലന്തിയെ ഒഴിവാക്കാം. ചിലന്തി വല നെയ്യാതിരിക്കാനുള്ള മികച്ച പോംവഴിയാണിത്.
-
ചെസ്നട്ട് (Chestnut)
വീട്ടിൽ ചെസ്നട്ട് ഉണ്ടെങ്കിൽ ഇതും ചിലന്തിയ്ക്ക് എതിര പ്രവർത്തിക്കും. ജനലിലും വാതിലിലും മറ്റും രണ്ട് മൂന്ന് ചെസ്നട്ട് വച്ചാൽ ഇവിടങ്ങളിൽ ചിലന്തി അടുക്കില്ല. അതുപോലെ പുകയിലയും ചിലന്തിയെ നിയന്ത്രിക്കാനുള്ള നല്ല ഉപായമാണെന്ന് പറയുന്നു.
-
പുകയില (Tobacco)
പുകയില പൊടിച്ചോ അല്ലെങ്കിൽ വെള്ളത്തില്‍ നേര്‍പ്പിച്ചോ ചിലന്തി അധികമായുള്ള സ്ഥലങ്ങളിൽ തളിയ്ക്കുക. മുറുക്കാനായും മറ്റും ഉപയോഗിക്കുന്ന പുകയില ചെറുതായി മുറിച്ച് ചിലന്തി ശല്യം രൂക്ഷമായ ഇടങ്ങളിൽ വയ്ക്കുക.