കൃത്യമായി ശരീരത്തിനുള്ളിൽ ജലാംശം നിലനിർത്തണമെന്ന് പറയുന്നത് വെറുതെയല്ല. ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വേനല്‍ക്കാലത്ത് മാത്രമല്ല ഏത് കാലാവസ്ഥയിലും വെള്ളം കുടിക്കുന്നതിൽ വിട്ടുവീഴ്ച വരുത്തിയാൽ അത് മൂത്രത്തിൽ കല്ല് അല്ലെങ്കിൽ കിഡ്‌നി സ്‌റ്റോണ്‍ (Kidney stone) എന്ന അവസ്ഥയിലേക്ക് നയിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഞെരിഞ്ഞിൽ ശീലമാക്കാം കിഡ്നി സ്റ്റോണിനു ഗുഡ്ബൈ പറയാം
ആവശ്യത്തിനുള്ള വെള്ളം കുടിക്കാത്തതിന് പുറമെ, അമിതമായി ബിയർ കുടിക്കുന്നതും ഗുളികകൾ അധികമായി കഴിക്കുന്നതുമെല്ലാം മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടെത്തിച്ചേക്കാം.
എങ്ങനെ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നു?
കാല്‍സ്യം ഓക്‌സലേറ്റ് അടിഞ്ഞുകൂടിയാണ് മൂത്രത്തിൽ കല്ല് ഉണ്ടാവുന്നത്. വളരെ തുടക്കത്തിൽ ഇത് തിരിച്ചറിയുകയാണെങ്കിൽ, അത് അലിയിച്ചുകളയാൻ സാധിക്കും. അതേ സമയം, പ്രശ്നം ഗുരുതരമായാൽ അസഹനീയമായ വേദന അനുഭവപ്പെടും. വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി യുറോലിത്തിയാസിസ് എന്ന് പറയുന്നു.
വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ കൂടുതലാകുന്നത്. മനുഷ്യശരീരത്തിൽ വൃക്കയിലോ മൂത്രവാഹിനിയിലോ ഇത്തരത്തിൽ കല്ലുകള്‍ കാണപ്പെടുന്നു.
മൂത്രത്തിൽ കല്ല് എന്ന അവസ്ഥ ഗുരുതരമാകാതെ ഒഴിവാക്കാൻ ചില എളുപ്പവഴികൾ ഉണ്ട്. വീട്ടിൽ തന്നെ നിങ്ങൾക്ക് പിന്തുടരാവുന്ന പൊടിക്കൈകൾ ഏതൊക്കെയെന്ന് മനസിലാക്കാം.
1. ജലം (Water)
മൂത്രത്തിൽ കല്ലിനും മൂത്രത്തിൽ പഴുപ്പിനും ഏറ്റവും നല്ല പോംവഴി ജലമാണ്. വൃക്കകളിൽ വിഷാംശമുള്ള പദാർഥങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ജലത്തിന് സാധിക്കും. അതായത്, ഇത്തരം പദാർഥങ്ങളെ ജലം പുറന്തള്ളാൻ സഹായിക്കും. വൃക്കയിലാണ് കല്ലിന്റെ അംശമുള്ളതെങ്കിൽ ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് നിർബന്ധമാണ്. ഇത് കല്ലിനെ അലിയിച്ച് കളയാൻ സഹായിക്കും. ശസ്ത്രക്രിയയിലേക്ക് പോകാതെ വീട്ടുവൈദ്യത്തിലൂടെ മൂത്രത്തിൽ കല്ലിൽ നിന്നും പരിഹാരം തേടുന്നവർക്ക് വെള്ളം കുടിക്കുന്ന ഉപായം തെരഞ്ഞെടുക്കാം.
2. മാതളം (Pomegranate)
നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കുന്നതിനും ഒപ്പം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനുമുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് മാതള നാരങ്ങ. ഇത് വൃക്കയിലെ കല്ലിനെ സ്വാഭാവികമായി നീക്കം ചെയ്യാൻ സഹായിക്കും. മാതളത്തിലെ പോഷകഘടകങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അത്യധികം ഗുണപ്രദമാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റുകളാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നത്.
3. വാഴപ്പിണ്ടി (Banana stem)
വാഴപ്പിണ്ടി മൂത്രത്തിൽ കല്ലിനുള്ള പ്രതിവിധികളിൽ പ്രധാനിയാണെന്ന് തന്നെ പറയാം. വാഴപ്പിണ്ടി ജ്യൂസ് ആക്കിയോ തോരൻ വച്ചോ അതുമല്ലെങ്കിൽ ഭക്ഷണവിഭവങ്ങളിൽ ഉൾപ്പെടുത്തിയോ കഴിക്കാം.
4. വീറ്റ് ഗ്രാസ് (Wheatgrass)
വീറ്റ് ഗ്രാസിന്റെ ഇലകൾ ജ്യൂസ് ആക്കി കുടിച്ചാൽ മൂത്രത്തിൽ കല്ലിൽ നിന്നും പരിഹാരമാകും. ഇതിന്റെ ഇല അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കി കുടിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ധാതുഘടകങ്ങൾ മൂത്രത്തിന്റെ ഉൽപാദനം വർധിപ്പിക്കുന്നു. ഇങ്ങനെ വൃക്കയിലെ കല്ലുകൾ കൂടുതൽ എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കും. ഇതിന് പുറമെ വാഴപ്പിണ്ടിയിലുള്ള ആൻറി ഓക്സിഡൻറുകളും കാൽസ്യം അടിഞ്ഞുകൂടുന്നതിന് പ്രതിരോധിക്കും. മുളപ്പിച്ച ഗോതമ്പും വൃക്കയിലെ കല്ലിനെ അലിയിച്ചുകളയാൻ ഉത്തമമാണ്.
5. ആപ്പിള്‍ സിഡെര്‍ വിനഗർ (Apple cider vinegar)
ആപ്പിള്‍ സിഡെര്‍ വിനഗറിലുള്ള സിട്രിക് ആസിഡിന്റെ സാന്നിധ്യം വൃക്കയിൽ നിന്നും കല്ലുകളെ അലിയിച്ചുകളയാൻ സഹായിക്കും. കല്ലുകളെ ചെറിയ കഷണങ്ങളായി ലയിപ്പിച്ചു കളയുന്നതിന് ഇത് ഉത്തമമാണ്. വൃക്കയിലുള്ള വിഷപദാർഥങ്ങളെ പുറന്തള്ളാനും വൃക്ക ശുചീകരിക്കാനും ഇത് സഹായിക്കുന്നു. മൂത്രത്തിൽ കല്ല് പോലുള്ള രോഗാവസ്ഥയുള്ളവർ രണ്ട് ടീസ്പൂൺ ആപ്പിൾ സൈഡർ വിനഗർ ചെറുതായി ചൂടാക്കിയ ശേഷം വെള്ളത്തിൽ മിക്സ് ചെയ്ത് കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മൂത്രത്തിൽ കല്ല് മാറണമെങ്കിൽ ഈ സസ്യം ഉപയോഗപ്പെടുത്താം
ഇതിന് പുറമെ മൂത്രത്തിൽ കല്ലുള്ളവർ മദ്യപാന ശീലം പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ബീഫ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.