മുഖസംരക്ഷണം പോലെ പ്രധാനപ്പെട്ടതാണ് ചർമം സംരക്ഷിക്കുക എന്നതും. നഖവും വിരലുകളും കൈകളുമെല്ലാം സൂക്ഷിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണ് കൈമുട്ടിലെ കറുപ്പ് നിറം. കൈമുട്ടിലും കാൽമുട്ടിലുമുള്ള കറുപ്പിന് പിന്നിൽ പല കാരണങ്ങളുണ്ട്. സൗന്ദര്യസംരക്ഷണത്തിൽ കൈമുട്ടുകൾക്കും പ്രാധാന്യമുള്ളതിനാൽ നമ്മുടെ ഒഴിവുസമയങ്ങളിൽ വീട്ടിലിരുന്ന് തന്നെ ചില പൊടിക്കൈ പ്രയോഗിച്ച് ഇവയ്ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. അതായത്, നമ്മുടെ അടുക്കളയിൽ നിന്ന് ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച്, ലളിതമായി ചെയ്യാവുന്ന പ്രകൃതി ദത്ത മാർഗങ്ങളെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.
കൈമുട്ടിലെ ഇരുണ്ട നിറം മാറ്റാനുള്ള പോംവഴികൾ (Simple Tricks to Remove Dark Color in Elbows)
കൈമുട്ടിന് തൈര്
കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പ് നിറത്തിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർ തൈര് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി എടുത്ത് തൈരില്‍ ചേർക്കുക. ഈ കൂട്ട് കൈമുട്ടിലും കാൽമുട്ടിലും പുരട്ടുന്നത് ഇരുണ്ട നിറം മാറ്റാൻ സഹായിക്കും.
നാരങ്ങ
ചർമത്തിന് തിളക്കമേകാനുള്ള ചെലവ് കുറഞ്ഞ, മികച്ച പരിഹാരമാണ് നാരങ്ങ. കാരണം, ഇവയുടെ ബ്ലീച്ചിങ് ഇഫക്‌ട് ആണ്. നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസുന്നത് ഇരുണ്ട നിറം മാറ്റാൻ സഹായിക്കും. അല്ലെങ്കിൽ ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും തേക്കുക. നാരങ്ങയും കടലപ്പൊടിയും ചേർത്ത് പിടിപ്പിച്ച് കൈമുട്ടിൽ തേക്കുന്നതും ചർമത്തിന് തിളക്കം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: കൈ ഉയർത്താൻ പേടി? വിയർപ്പ് ദുർഗന്ധത്തിനെതിരെ പോംവഴികൾ
ഒരു മുറി നാരങ്ങയിൽ നിന്ന് പിഴിഞ്ഞെടുത്ത നീരിൽ രണ്ട് ടേബിൾസ്പൂൺ കടലപ്പൊടി ചേർക്കുക. ഇതിൽ ഓട്‌സ് പൊടിയോ ബദാം പൊടിയോ ചേർക്കുന്നതും നല്ലതാണ്. ഈ മിശ്രിതം കൈമുട്ടിൽ പുരട്ടി അഞ്ച് മിനിറ്റ് നേരം കാത്തിരിക്കുക. ശേഷം കഴുകിക്കളയാം. ഓരോ ദിവസം ഇടവിട്ട് ഇങ്ങനെ ചെയ്യാവുന്നതാണ്.
പാൽ
ഇളം ചൂടുള്ള പാലും കൈ- കാൽ മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് മികച്ച ഫലം തരും. കൈമുട്ടിന് സ്വാഭാവിക നിറം ലഭിക്കാന്‍ ഇത് സഹായിക്കും. ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചു പുരട്ടാവുന്നതാണ്. കൈമുട്ടുകളിൽ കാണുന്ന കറുപ്പ് നിറം അകറ്റാന്‍ ഇത് പ്രയോജനപ്പെടുന്നു.
വെള്ളരി
വെള്ളരിയുടെ ബ്ലീച്ചിങ് സ്വഭാവം ചർമത്തിന് ശോഭയേകും. കൈമുട്ടിലെ കറുത്ത പാടുകൾ അകറ്റാൻ ഇത് സഹായിക്കുും. വെള്ളരിയിലെ വിറ്റാമിനുകളും മിനറലുകളും ചർമത്തിന് ഗുണപ്രദമാണ്. വെള്ളരി മുറിച്ച് കൈമുട്ടില്‍ 15 മിനിറ്റ് ഉരസുക. കക്ഷങ്ങളിലെ കറുപ്പ് മാറുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. പതിവായി ഇങ്ങനെ ചെയ്താല്‍ കറുപ്പുനിറം മാറി ചർമത്തിന് സ്വഭാവിക നിറം ലഭിക്കും.
കറ്റാർവാഴ
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ചർമപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുന്നതിന്
അലോവേര അഥവാ കറ്റാർവാഴ സഹായിക്കും. ദിവസവും കറ്റാർവാഴ ജെൽ കൈമുട്ടിലും കക്ഷങ്ങളിലും പുരട്ടി പത്ത് മിനിറ്റിന് ശേഷം തുടച്ചു കളയാം. ചർമം മൃദുലമാകുന്നതിന് മാത്രമല്ല, ജലാംശം നിലനിർത്തുന്നതിനും കറ്റാർവാഴ നല്ലതാണ്.
തക്കാളി നീര്
കൈമുട്ടിലെ ഇരുണ്ട നിറം മാറ്റാൻ രണ്ട് ടീസ്പൂണ്‍ തക്കാളി നീരിനൊപ്പം ഒരു ടീസ്പൂണ്‍ കടലമാവ് ചേർത്ത് പുരട്ടുന്നത് നല്ലതാണ്. ഈ മിശ്രിതം 10 മിനിറ്റ് നേരത്തേക്ക് പുരട്ടിയ ശേഷം കഴുകിക്കളയാം. ഇതിന് പുറമെ, ഒലീവ് ഓയില്‍ കൈമുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം നൽകും.
പനിനീർ
പനിനീർ ചർമപ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കും. പനിനീരും ഗ്ലിസറിനും സമം ചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ തേക്കുക. രാവിലെ എഴുന്നേറ്റ് കഴുകി കളയുക. ഇരുണ്ട നിറം മാറാൻ ഇത് പതിവായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മരുന്നാണ്.