ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വായ്നാറ്റത്തെ ഒഴിവാക്കുക എന്നതും. ശരിയായ രീതിയില്‍ പല്ല് തേയ്ക്കാത്തതാണ് വായ്‌നാറ്റം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. ഇത് കൂടാതെ, വായിലുളള ബാക്ടീരിയകൾ ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
എന്നാൽ ശാരീരികാവയവങ്ങളെ ബാധിക്കുന്ന രോഗം മൂലവും വായ് നാറ്റമുണ്ടാകാം. മോണവീക്കം, ദന്തക്ഷയം, മോണയിലെ പഴുപ്പ്, നാവിൽ കാണപ്പെടുന്ന പൂപ്പൽ, ദന്തരോഗങ്ങൾ, വായിലുണ്ടാകുന്ന മുറിവുകൾ എന്നിവയും വായ്നാറ്റത്തിലേക്ക് നയിക്കുന്നു.
സൈനസൈറ്റിസ്, ശ്വസനനാളിയിലേയും ശബ്ദനാളത്തിലേയും അണുബാധ, മൂക്കിൽ ഉണ്ടാകുന്ന പഴുപ്പ്, മൂക്കിനെയോ തൊണ്ടയെയോ ബാധിക്കുന്ന രോഗങ്ങൾ, വിവിധ ശ്വാസകോശ രോഗങ്ങൾ എന്നിവയും വായ്നാറ്റത്തിന് കാരണമാകുന്നു. ആസ്മ, ഗാസ് ട്രബിൾ, കരൾ രോഗങ്ങൾ, ശ്വാസകോശ അർബുദം, ശ്വാസം മുട്ടൽ, ന്യൂമോണിയ, പ്രമേഹം, വൃക്കരോഗങ്ങൾ എന്നിവയും വായ് നാറ്റം ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
രോഗങ്ങൾ കാരണമുണ്ടാകുന്ന വായ് നാറ്റത്തിലൂടെ അല്ലാതെയുള്ള വായിലെ ദുർഗന്ധവും അണുക്കളും നശിക്കുന്നതിനും അതുവഴി ദുർഗന്ധം മാറ്റാനും മൗത്ത് വാഷ് സഹായകരമാണ്.
എന്നാൽ നമ്മൾ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന മൗത്ത് വാഷ് രാസവസ്തുക്കൾ അടങ്ങിയതാണ്. ഇതിന്റെ അമിത ഉപയോഗം വായയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇങ്ങനെയുള്ള രാസവസ്തുക്കളിൽ നിന്നുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കി, ദുർഗന്ധം അകറ്റി വായ ആരോഗ്യമുള്ളതാക്കാന്‍ വീട്ടില്‍ തന്നെ മൗത്ത് വാഷ് ഉണ്ടാക്കാവുന്നതാണ്.
പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കും. വായില്‍ ഉന്മേഷം തരുന്നതിനൊപ്പം പല്ലിൽ മഞ്ഞ കറ ഉണ്ടാകുന്നത് തടയാനും ഇത് ഗുണപ്രദമാണ്. ഇങ്ങനെ വീട്ടില്‍ ഉണ്ടാക്കാവുന്ന പ്രകൃതി ദത്തമായ മൗത്ത് വാഷ് ഏതൊക്കെയെന്ന് നോക്കാം.
-
ചൂടുവെള്ളത്തില്‍ ഒന്നര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത്, ഈ വെള്ളം ദിവസേന മൂന്നു നാല് തവണ കഴുകുന്നത് വായ് നാറ്റത്തിന് പരിഹാരമാണ്.
-
നമ്മൾ വെറുതെ കളയുന്ന ഓറഞ്ച് തൊലി കൊണ്ടും വായ് നാറ്റമകറ്റാം. ഇതിനായി ഒരു കപ്പ് വെള്ളത്തില്‍ ഓറഞ്ച് തൊലി പൊടിച്ച് ചേര്‍ക്കുക. ഇത് അടുപ്പില്‍ വച്ച് നന്നായി തിളപ്പിക്കുക. ദിവസത്തിൽ രണ്ടു മൂന്നു തവണ ഈ വെള്ളം ഉപയോഗിച്ച് വായ കഴുകാവുന്നതാണ്.
-
ചെറുചൂടു വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി ഇളക്കുക. ബ്രഷ് ചെയ്യുന്നതിന് മുന്‍പോ അതിന് ശേഷമോ ഇത് ഉപയോഗിച്ച് വായ കഴുകാം. ദിവത്തിൽ മൂന്നു നാല് തവണ ഇങ്ങനെ വായ് കഴുകുന്നതും നല്ലതാണ്.
-
വായിലെ കീടങ്ങളെ പ്രതിരോധിക്കുന്നതിന് പുതിനയില പ്രയോജനം ചെയ്യും. ഒരു കപ്പ് വെള്ളത്തില്‍ രണ്ടു മൂന്നു പുതിയനയില തിളപ്പിക്കുക. രാത്രി ഭക്ഷണത്തിന് ശേഷം ഇതുപയോഗിച്ച് വായ കഴുകുന്നത് നല്ലതാണ്.
-
ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ കറുവപ്പട്ട പൊടി ഇട്ട് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് വായ കഴുകാനായി ഉപയോഗിക്കാം. മികച്ച ഫലം കിട്ടാനായി എല്ലാ ദിവസവും രാവിലെ ഇത് ശീലമാക്കാം.
-
ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ ഇട്ട് നന്നായി തിളപ്പിച്ചെടുത്ത് ചായയാക്കി കുടിക്കുന്നത് നല്ലതാണ്. ജലദോഷം, സൈനസ്, പനി എന്നിവയിലൂടെ ഉണ്ടാകുന്ന വായ് നാറ്റത്തിന് ഉലുവ ചായ ഫലപ്രദമാണ്.
-
ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും ഉപ്പും ചേർത്ത് പാനീയമാക്കിയ ശേഷം വായ് കഴുകുക. നാരങ്ങയിൽ അടങ്ങിയിട്ടുള്ള അസിഡിക് അംശം വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
-
പെരുംജീരകം ഇടയ്ക്കിടയ്ക്ക് ചവയ്ക്കുന്നത് വായ് നാറ്റത്തിന് പ്രതിവിധിയാണ്. പെരുംജീരകമിട്ട വെള്ളം കുടിക്കുന്നതും ഗുണം ചെയ്യുന്നു. ഒരു കപ്പ് ചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം ഇട്ട് തിളപ്പിക്കുക. ദിവസവും രണ്ട് തവണയെങ്കിലും ഇത് കുടിയ്ക്കുക.