പൂർവ്വീകസ്വത്തായി നമുക്കു ലഭിച്ച മണിമുത്തുകളാണ് പഴഞ്ചൊല്ലുകൾ. ചില ചൊല്ലുകളും അവയുടെ ആശയങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.
- നിലമറിഞ്ഞു വിത്തു വിതയ്ക്കണം : മണ്ണിന്റെ സ്വഭാവം അറിഞ്ഞുവേണം വിത്തു വിതയ്ക്കാൻ.
- ഞാറുറച്ചാൽ ചോറുറച്ചു : നടാനുള്ള ഞാറ് കയ്യിലുണ്ടെങ്കിൽ ഉണ്ണാനുള്ള വകയായി.
- കൊത്തു കഴിഞ്ഞാൽ പത്തുണക്കം : നിലം കിളച്ചു കഴിഞ്ഞാൽ പത്തു ദിവസം വെയിൽ കൊള്ളുന്നത് മണ്ണിന് വായുസഞ്ചരമുണ്ടാകാനും, മണ്ണ് പരുവപ്പെടാനും സഹായിക്കും.
- വാഴ നനഞ്ഞാൽ ചീരയും നനയും : വാഴത്തോട്ടത്തിൽ ഇടവിളയായി ചീര നട്ടാൽ വാഴ നനയുമ്പോൾ ചീരയും നനഞ്ഞോളും, പ്രത്യേകം നനയ്ക്കേണ്ടതില്ല.
- പണിയെടുത്താൽ മണ്ണ് , പൊന്നണിഞ്ഞാൽ പെണ്ണ് : മണ്ണിൽ നന്നായി അദ്ധ്വാനിച്ചാൽ നല്ല വിളവുണ്ടാകും, പൊന്നണിഞ്ഞാൽ പെണ്ണിന് സൗന്ദര്യം കൂടും.
- ആടിനെ പോറ്റാൻ കാടിനെ പോറ്റണം : ആടിനെ പരിപാലിക്കാൻ വേണ്ടി ഒരു കാടിനെത്തന്നെ പരിപാലിക്കേണ്ടതുണ്ട്.
- കള പറിച്ചാൽ കളം നിറയും : യഥാസമയം കള പറിച്ചു കളഞ്ഞാൽ ധാരാളം വിളവുണ്ടാകും.
- കർക്കിടക മാസത്തിൽ ചേന കട്ടിട്ടും കൂട്ടണം: ചേനയ്ക്ക് ഗുണവും, രുചിയും ഏറുന്ന സമയമാണ് കർക്കിടക മാസം. ആയതിനാൽ കഷ്ടപ്പെട്ടിട്ടാണേലും
- ചേന കഴിക്കണമെന്ന് സാരം.
- കണ്ടം വിറ്റ് കാളയെ വാങ്ങുമോ? : ചിന്തിക്കാതെ പ്രവർത്തിച്ചുകൂടാ.
- ചുണ്ടങ്ങ കൊടുത്തു് വഴുതനങ്ങ വാങ്ങുക : ചെറിയ സാധനം കൊടുത്തു് വലിയ ഉപദ്രവത്തെ ഉണ്ടാക്കുക.
- വളമേറിയാൽ കൂമ്പടയ്ക്കും : അമിതമായാൽ എന്തും ദോഷമായി വരും.
- തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും : സ്വന്തം പ്രവർത്തികളുടെ ഫലം സ്വന്തമായിത്തന്നെ അനുഭവിക്കേണ്ടിവരും.
- ഊന്ന് കുലയ്ക്കില്ല , വാഴയേ കുലയ്ക്കൂ : സഹായിയെ പ്രധാനപ്പെട്ട ആളുമായി താരതമ്യ പ്പെടുത്തരുത്.
- വേരിന് വളം വെക്കാതെ തലയ്ക്കു വളം വെച്ചിട്ടെന്തു കാര്യം? : ചെയ്യേണ്ടുന്ന കാര്യങ്ങൾ ശരിയായിത്തന്നെ ചെയ്യണം.
- പതിരില്ലാത്ത കതിരില്ല : ദോഷവശങ്ങളില്ലാത്ത ഒരു കാര്യവുമില്ല.
- വേലി തന്നെ വിളവ് തിന്നുക : സംരക്ഷിക്കേണ്ടവർ തന്നെ ചൂക്ഷണം ചെയ്യുക.
- വിതച്ചത് കൊയ്യും : അവനവന്റെ പ്രവർത്തികൾക്കുള്ള ഫലം ലഭിക്കും.
- ഉടമയുടെ കണ്ണ് ഒന്നാം തരം വളം : കൃഷിക്ക് ഏറ്റവും ഉത്തമമായ വളം ഉടമസ്ഥന്റെ നോട്ടമാണ്.
- പൂട്ടുന്ന കാളയെന്തിന് വിതയ്ക്കുന്ന വിത്തറിയണം : ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് നല്ലതല്ല.
- അമരത്തടത്തിൽ തവള കരയണം: അമര കൃഷിക്ക് നല്ല തോതിൽ വെള്ളത്തിന്റെ ആവശ്യമുണ്ട്.
English Summary: A few farming proverbs between farming methods and tips
Published on: 30 December 2020, 04:31 IST