Updated on: 17 January, 2022 3:06 PM IST
നിരാശയും വിഷാദവും

നിരാശയും സങ്കടവും മനുഷ്യ സഹജമാണെങ്കിലും ചിലപ്പോഴൊക്കെ അവ വിഷാദരോഗമെന്ന ദുർഘടമായ അവസ്ഥയിലേക്കും നയിക്കും. അതിനാൽ തന്നെ ദുഷ്കരമായ ഇത്തരം മാനസിക അവസ്ഥകളെ തിരിച്ചറിഞ്ഞ് മറികടക്കേണ്ടതും അനിവാര്യമാണ്. മനുഷ്യന് പൊതുവെ സങ്കടമുണ്ടാകുന്നതിന്റെ പല ഘട്ടങ്ങളെ കുറിച്ചും വൈകാരികവും ശാരീരികവുമായ ലക്ഷണങ്ങളെ കുറിച്ചും ഇത്തരം വിഷാദ അവസ്ഥകളെ എങ്ങനെ പരിഹരിക്കാം എന്നുമാണ് ചുവടെ ചർച്ച ചെയ്യുന്നത്.
നിരാശയും വിഷമങ്ങളും ഗുരുതരമായി ബാധിച്ച ആളുകളിലുണ്ടാകുന്ന വികാരങ്ങളെ അഞ്ച് ഘട്ടങ്ങളുള്ളതായി തരംതിരിക്കാം.

അഞ്ച് ഘട്ടങ്ങള്‍

1. യാഥാര്‍ഥ്യത്തെ അംഗീകരിക്കാനുള്ള വിമുഖത അല്ലെങ്കിൽ നിരസിക്കൽ
2. എനിക്ക് എന്തുകൊണ്ടിത് സംഭവിച്ചുവെന്ന ചിന്ത
3. ഇങ്ങനെ അല്ലെങ്കില്‍ എങ്ങനെ സംഭവിക്കുമായിരുന്നു എന്ന ചിന്ത
4. എല്ലാത്തിനോടും മടുപ്പ് അല്ലെങ്കിൽ ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ
5. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട് സമാധാനത്തിലേക്ക് മടക്കം

എന്നാൽ കടുത്ത വിഷാദം നേരിടുന്നവർ എല്ലാവരും എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകണമെന്നില്ല. വ്യക്തികൾക്ക് അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരും. നിരാശയും ഏകാന്തതയും സങ്കടത്തെ സ്വാധീനിക്കുന്നു. കുറ്റബോധവും കരച്ചിലുമെല്ലാം ഇവയുടെ ഫലമായി ഉണ്ടാകും.

വൈകാരികമായി മാത്രമല്ല, ക്ഷീണം, ശരീരം മെലിയുക, തുടരെത്തുടരെയുള്ള തലവേദനയും ഉറക്കമില്ലായ്മയും എല്ലാം ഇതിന്റെ ഭാഗമായി ശരീരത്തിലും അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾക്ക് ഒപ്പം ഇങ്ങനെ സംഭവിക്കുന്ന ശാരീരിക ലക്ഷണങ്ങളും ശ്രദ്ധിക്കണം. അവയെ അതിജീവിക്കാനും ശ്രമിക്കുക.
വിഷാദം മാറ്റാം, മനസ് തുറക്കാം.

വിഷമത്തെ അടിച്ചമർത്തുന്നതും അവഗണിക്കുന്നതും നമ്മുടെ മാനസിക അവസ്ഥയെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. അവ പലപ്പോഴും വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം എന്നിവയിലേക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവയ്ക്കും.
അതിനാൽ, വിഷമം നമ്മുടെ അടുത്ത ആരോടെങ്കിലുമോ പ്രിയപ്പെട്ട വ്യക്തികളോ തുറന്നുപറയുക. അങ്ങനെ ഒരാളോട് പറയാനാവാത്ത വിധം സങ്കടമുണ്ടെങ്കിൽ ഒരു ഡയറിയില്‍ ചിന്തകളും വികാരങ്ങളും വിശദീകരിച്ച് എഴുതുക. ഇത് മനസിനെയും വികാരങ്ങളെയും സ്വതന്ത്രമാക്കാന്‍ സഹായിക്കുന്നു. എന്തെങ്കിലും നഷ്ടത്തിലൂടെ ഉടലെടുത്ത സങ്കടമാണെങ്കിൽ അവ വഷളാവാതിരിക്കാൻ നഷ്ടത്തെ അംഗീകരിക്കുകയാണ് വേണ്ടത്.

അതുപോലെ കരയുന്നതും മനസ്സിന് കൂടുതൽ ആശ്വാസം നൽകും. കരയാന്‍ തോന്നിയാല്‍ കരയണം. കരയുന്നവർ ദുര്‍ബലരാണെന്നതും ലിംഗവ്യത്യാസങ്ങൾ കരച്ചിലിന് വേർതിരിവ് തീർക്കുന്നുവെന്നുമുള്ള ചിന്താഗതികൾ ഉപേക്ഷിക്കുക.
വിഷാദത്തിനെ കൂടുതൽ അപകടമാക്കുന്നത് ഏകാന്തതയാണ്. തനിച്ചിരിക്കുന്നത് ഒഴിവാക്കുക. എന്തെങ്കിലും കാര്യങ്ങളിൽ മുഴുകുന്നതും പ്രവർത്തിക്കുന്നതും നല്ലതാണ്. അലസമായ മനസ്സില്‍ അസുഖകരമായ ചിന്തകൾ വളരും. പഴയ സന്തോഷകരമായ ഓർമകൾ പൊടിതട്ടി എടുക്കുന്നതും ഗുണം ചെയ്യും.

സാമൂഹിക പ്രവർത്തനങ്ങളിലും പരിപാടികളിലും ഭാഗമാകുക. അതുപോലെ സന്തോഷം തരുന്ന വിനോദങ്ങളിൽ പങ്കുചേരണം. പൂന്തോട്ട പരിപാലനം, ഓമന മൃഗങ്ങളെ/ പക്ഷികളെ/മത്സ്യങ്ങളെ പരിപാലിക്കല്‍, യാത്ര, വായന ഒക്കെ ഹോബിയായുള്ളവർ പരമാവധി ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലേക്ക് മടങ്ങുക.

നന്നായി ഉറങ്ങാം, ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാം

മാനസിക സമ്മർദങ്ങൾ ഒഴിവാക്കാനാണ് പരമാവധി പരിശ്രമിക്കേണ്ടത്. മനസിന്റെ ആരോഗ്യത്തിനായി ആവശ്യത്തിന് ഉറക്കം, കൃത്യമായ ഭക്ഷണം, വ്യായാമം എന്നിവയും ഉറപ്പുവരുത്തുക. ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കുക. സംഗീതം ആസ്വദിക്കുന്നതും ഉപകരിക്കും. കൂടാതെ, റിലാക്‌സേഷന്‍ ആന്‍ഡ് മൈന്‍ഡ്ഫുള്‍നെസ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും മനസിന് സുഖകരമാകും.
ഭാരമേറിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കരുത്. പകരം നിങ്ങളുടെ ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി പരിശ്രമിക്കണം. മാനസിക ആരോഗ്യത്തെ ഇവയിലൂടെ തിരിച്ചുപിടിക്കാൻ ആയില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് നിർദേശങ്ങൾ സ്വീകരിക്കാം.

English Summary: All you need to know about mental illness and its solutions
Published on: 17 January 2022, 02:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now