മിക്ക ആളുകളും ഇന്ന് മുടി കൊഴിച്ചില്‍ പ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, സമ്മര്‍ദ്ദം, മരുന്നുകള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങി പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചില്‍ ഉണ്ടാകുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നമുക്ക് ചെയ്യാൻ സാധിക്കുന്നത് ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുക എന്നതാണ്. മുടികൊഴിച്ചിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. ഇവ നിത്യേനയുള്ള ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുകയാണെങ്കിൽ മുടി കൊഴിച്ചിലിന് ഒരു പരിധി വരെ പരിഹാരം കാണാം.
ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിൽ കൂടുതലുള്ളവർ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ
- പഞ്ചസാര ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മുടിക്കും ഹാനികരമാണ്. അമിതമായ പഞ്ചസാര ഉപഭോഗം നിങ്ങളെ പ്രമേഹത്തിലേക്കും അമിതവണ്ണത്തിലേക്കും നയിച്ച് മുടി കൊഴിയുകയോ കഷണ്ടിയിലേക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പഞ്ചസാര, അന്നജം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണമാണ് ഇന്‍സുലിന്‍ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം.
- ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ വര്‍ദ്ധനവിന് കാരണമാകുന്നു. ശുദ്ധീകരിച്ച മാവ്, റൊട്ടി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഉയര്‍ന്ന ജി.ഐ ഭക്ഷണങ്ങളാണ്. ഈ ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ഇന്‍സുലിന്‍, ആന്‍ഡ്രോജന്‍ എന്നിവയില്‍ വര്‍ദ്ധനവുണ്ടാക്കുകയും അവ പിന്നീട് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.
- മുടി പ്രധാനമായും കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുടിക്ക് ഘടന നല്‍കുന്ന പ്രോട്ടീന്‍ ആണ് കെരാറ്റിന്‍. പ്രോട്ടീന്‍ സിന്തസിസില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്ന ഒന്നാണ് മദ്യം. ഇത് മുടി ദുര്‍ബലമാവുകയും തിളക്കമില്ലാതെ ആക്കുകയും ചെയ്യും. അമിതമായ മദ്യപാനം ഫോളിക്കിളുകളുടെ നാശത്തിന് കാരണമാവുകയും ചെയ്യും.
- അസ്പാര്‍ട്ടേം എന്ന കൃത്രിമ മധുരം അടങ്ങിയ ഡയറ്റ് സോഡ മുടിയിഴകള്‍ കേടുവരുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ സോഡകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
- പൂരിതവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ധാരാളം അടങ്ങിയ ജങ്ക് ഫുഡ് ഒഴിവാക്കുക. ഇവ നിങ്ങളെ അമിതവണ്ണമുള്ളവരാക്കുക മാത്രമല്ല ഹൃദ്രോഗങ്ങള്‍ക്കും മുടി കൊഴിച്ചിലിനുമൊക്കെ കാരണമാകുന്നു.
- കടല്‍ മത്സ്യങ്ങളായ വാള്‍ഫിഷ്, അയല, സ്രാവ്, ചിലതരം ട്യൂണ എന്നിവ മെര്‍ക്കുറി ധാരാളം അടങ്ങിയവയാണ്. ഇത്തരം മത്സ്യങ്ങള്‍ അമിതമായി കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.