വസന്ത കുമാറിന്റെ ആയുര്‍ റീക്കി യോഗയെ പാരീസില്‍ താമസിക്കുന്ന ഒഡിലി കൊഹു ഇങ്ങിനെ വിലയിരുത്തി. ' എന്നെ അത്ഭുതപ്പെടുത്തിയ ഈ ചികിത്സാ രീതി അധികം വൈകാതെ ലോകമൊട്ടാകെ അംഗീകരിക്കപ്പെടും.' സ്വാനുഭവത്തില്‍ നിന്നാണ് ഒഡിലി ഇത്തമൊരു പരാമര്‍ശം നടത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു എന്നുറപ്പായതോടെയാണ് കേരളത്തിലെ ആയുര്‍വ്വേദ ചികിത്സയ്ക്കായി സഹോദരനെയും കൊണ്ട് ഒഡിലി കേരളത്തിലെത്തിയത്.ബ്രയിന്‍ ട്യൂമറിന് സര്‍ജറി ചെയ്തതിനെ തുടര്‍ന്ന് അരയ്ക്കുതാഴെ തളര്‍വാദം ബാധിച്ച സഹോദരന്‍ ജെറാര്‍ഡ് ബാരെയുമായി അവര്‍ ഫ്രാന്‍സില്‍ നിന്നും തിരുവനന്തപുരത്തെത്തിയത് 2010 മാര്‍ച്ചിലായിരുന്നു. പാരീസിലെ പോലീസ് കമ്മീഷണറായിരുന്നു ജെറാര്‍ഡ്. ഇന്റര്‍നെറ്റു വഴി കണ്ടെത്തിയ ഒരു സ്ഥാപനത്തില്‍ ഒരു മാസത്തെ ചികിത്സയായിരുന്നു നിശ്ചയിച്ചിരുന്നത്. വീല്‍ചെയറില്‍ തളര്‍ന്നിരിക്കുന്ന ജെറാര്‍ഡിനെയും കൊണ്ട് പ്രതീക്ഷയുടെ അവസാന നാര് കണ്ടെത്തിയ സന്തോഷത്തിലാണ് അവര്‍ കൊല്ലത്ത് നെടുങ്ങോലത്തുള്ള ആയുര്‍വ്വേദ കേന്ദ്രത്തില്‍ എത്തിയത്. അവിടെ ചികിത്സ തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞാണ് വസന്തന്റെ സഹോദരന്‍ സ്‌റ്രേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനായ സജീവ് കുമാറിനോട് ആയുര്‍വ്വേദ കേന്ദ്രത്തിന്റെ ഉടമ ജെറാര്‍ഡിനെ കുറിച്ച് പറയുന്നത്.
സഹോദരന്റെ പുതിയ ചികിത്സാ രീതിയെകുറിച്ച് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ജെറാര്‍ഡിനെ ഒന്നു സഹായിച്ചുകൂടെ എന്ന് ഉടമ ചോദിച്ചു. നോക്കാം എന്ന് സജീവ് പറയുകയും അടുത്ത ദിവസം തന്നെ വസന്തന്‍ ജെറാര്‍ഡിനെ കാണുകയും ചെയ്തു. ജെറാര്‍ഡിന്റെ വിസയുടെ കാലാവധി തീരാന്‍ പിന്നെ ഒരാഴ്ച മാത്രം ബാക്കി. ഏഴു ദിവസം കൊണ്ട് അത്ഭുതങ്ങള്‍ സംഭവിക്കില്ല ,എങ്കിലും ശ്രമിച്ചു നോക്കാം എന്ന ഉറപ്പെ വസന്തന്‍ നല്‍കിയുള്ളു. എന്നാല്‍ തന്റെ ആയുര്‍ റീക്കി യോഗ തെറാപ്പിയിലൂടെ ഒരാഴ്ച കൊണ്ട് ജെറാര്‍ഡിനെ വീല്‍ചെയറില്‍ നിന്നും എഴുനേല്‍ക്കാനും കുറച്ചു ദൂരം നടക്കാനും കഴിയുംവിധം മെച്ചമാക്കാന്‍ വസന്തന് കഴിഞ്ഞു. ഇത് ജെറാര്‍ഡിലും ഒഡിലിയിലുമുണ്ടാക്കിയ ആത്മവിശ്വാസം അളവറ്റതായിരുന്നു. അവര്‍ ആനന്ദകണ്ണീര്‍ പൊഴിച്ച നിമിഷമായിരുന്നു അത്. തിരികെ പോകാതെ വയ്യ എന്നതിനാല്‍ അവര്‍ വിസ കാലാവധി കഴിഞ്ഞതോടെ മടങ്ങി. പക്ഷെ അവിടെ എത്തിയ ഉടന്‍ വസന്തന് വിസ ശരിയാക്കി അയച്ചു. അയാള്‍ ആദ്യമായി പാരീസിലേക്ക് പറന്നു. പരിചയമില്ലാത്ത ഒരിടത്തേക്ക്, അധികം പരിചയമില്ലാത്ത ഒരാളുടെ അതിഥിയായുള്ള യാത്ര. ആശങ്കകള്‍ ഏറെയായിരുന്നു, എന്നാലും ജെറാര്‍ഡിന്റെ ദൈന്യതയും പ്രതീക്ഷയും നിറഞ്ഞ മുഖം വസന്തനെ യാത്രയ്ക്ക് പ്രേരിപ്പികുകയായിരുന്നു. വളരെ വേഗം ആ വീട്ടിലെ അംഗമായി മാറാന്‍ വസന്തന് കഴിഞ്ഞു. 45 ദിവസം നീണ്ട ചികിത്സയിലൂടെ ജെറാര്‍ഡ് പരാശ്രയമില്ലാതെ തന്റെ കാര്യങ്ങള്‍ ചെയ്യാവുന്ന നിലയിലായി. ചികിത്സ തുടരുവാനുളള പരിശീലനം നല്‍കിയാണ് വസന്തന്‍ മടങ്ങിയത്. കൈകാലുകളുടെ വഴക്കവും തലച്ചോറിന്റെയും സുഷുമ്‌നാനാഡിയുടെയും നാഡീവ്യവസ്ഥയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തിലെ മികവും ജെറാര്‍ഡിന് ഊര്‍ജ്ജസ്വലത പകര്‍ന്നു.
2010 -11 കാലഘട്ടത്തിലെ ഈ പ്രവര്‍ത്തനം പോലെ ഗൗരവമായ മറ്റൊന്ന് നാളിതുവരെയും ചെയ്യാന്‍ വസന്തന് അവസരം കിട്ടിയിട്ടില്ലെങ്കിലും നൂറുകണക്കിന് ആളുകളുടെ പിടലി വേദന മാറ്റിക്കൊടുക്കാന്‍ വസന്തന് കഴിഞ്ഞിട്ടുണ്ട്. ഇരുന്നു ജോലി ചെയ്യുന്ന ഭൂരിപക്ഷത്തിന്റെയും രോഗമായ സര്‍വിക്കല്‍ സ്‌പോണ്‍ഡിലൈറ്റിസ് നിസാരമായി മാറ്റാന്‍ കഴിയും എന്നാണ് വസന്തന്‍ അവകാശപ്പെടുന്നത്. നടുവേദനയ്ക്കും ഈ ചികിത്സാ രീതി ഉത്തമമാണ്. ബ്രയിന്‍ സ്‌ട്രോക്ക് ഒഴികെയുള്ള എല്ലാ തളര്‍ച്ചകളും മാറ്റാന്‍ ഈ രീതി പ്രയോഗിക്കാവുന്നതാണ്. ശരീരത്തിലെ മാംസപേശികളെ റിഥം മെത്തേഡില്‍ വൈബ്രേറ്റ് ചെയ്യിച്ച് അവയെ ശരീരത്തിലെ മിനി ട്രാന്‍സ്‌ഫോമറാക്കി മാറ്റി ,ചലനശേഷിയില്ലാത്ത ഭാഗങ്ങളെ ചലിപ്പിക്കുകയാണ് ചികിത്സയിലെ പ്രധാനരീതി. ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഇറ്റാലിക്‌സ് രീതിയിലുള്ള തിരുമ്മല്‍ അത്ഭുതകരമായ ഫലം നല്‍കുന്നതായും അദ്ദേഹം പറയുന്നു.
ഒന്‍പതിനം എണ്ണകളുടെ മിശ്രിതത്തില്‍ വാതത്തിനെ ഹനിക്കുന്ന ഇലകളായ കാഞ്ഞിരം, ആടലോടകം,നൊച്ചി,പ്ലാവില,പുളിയില,മുരിങ്ങയില എന്നിവ ചേര്‍ത്താണ് ഔഷധക്കൂട്ട് തയ്യാറാക്കുന്നത്. അശവെണ്ണ, പൂനാഗതൈലം എന്നിവയും നാഡിയെ ഉണര്‍ത്താന്‍ ഉത്തമമാണെന്ന് വസന്തന്‍ പറഞ്ഞു.
നടുവേദന എണ്ണ ഉപയോഗിക്കാതെ തെറാപ്പിയിലൂടെ മാറ്റാന്‍ കഴിയുമെന്ന് വസന്തന്‍ അവകാശപ്പെടുന്നു.പേശികള്‍ക്കുണ്ടാകുന്ന പരുക്ക്,മുട്ടിന്റെ വേദന, ഡിസ്‌ക് തെറ്റല്‍ എന്നിവയൊക്കെ ചികിത്സിച്ച് മാറ്റാന്‍ കഴിയും.രോഗിയുടെ സഹകരണമാണ് രോഗം മാറാന്‍ ഏറ്റവും അനിവാര്യം. 85 ശതമാനം രോഗിയുടെ താത്പര്യവും 15 ശതമാനം വൈദ്യന്റെ ക്രിയകളും എന്നതാണ് നാളിതുവരെയുളള അനുഭവം പഠിപ്പിക്കുന്നത്, വസന്തന്‍ പറഞ്ഞു. ഹൃദയവും കരളും ശ്വാസകോശവും സ്പ്‌ലീനുമൊക്കെ റെജുവിനേറ്റു ചെയ്യിക്കാന്‍ ആയുര്‍ റീക്കി യോഗ തെറാപ്പിയിലൂടെ കഴിയുമെന്നും വസന്തന്‍ പറഞ്ഞു.
ഒരു ചികിത്സയ്ക്കും കൃത്യമായ സമയം പറയാന്‍ കഴിയില്ല. സര്‍വിക്കല്‍ സ്‌പോണ്‍ഡിലൈറ്റിസിന് 3 മുതല്‍ 7 ദിവസം വരെ നീളുന്ന ചികിത്സ മതിയാകും. തല തീരെ ഉയര്‍ത്താന്‍ കഴിയാത്ത രോഗിയെ പോലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.
കൊല്ലം ചവറ സൗത്ത് ഗുഹാനന്ദപുരം എച്ച്എസ്എസില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായിരുന്ന വസന്തന്‍ ഇപ്പോള്‍ താമസിക്കുന്നത് പെരിനാട് പനയത്താണ്. ബന്ധപ്പെടേണ്ട നമ്പര്‍ --- 9074183179, വാട്ടസ് ആപ്പ് - 9497175629