മലാസെസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്ന സെബോറോഹൈക് ഡെർമറ്റൈറ്റിസ് ആണ് താരൻ എന്ന് അറിയപ്പെടുന്നത്. തലയിലെ മുടിയിഴകളിലും മറ്റും ഉണ്ടാകുന്ന വരണ്ട ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, ഇത് പകർച്ചവ്യാധിയല്ല, അതിനാൽ ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നില്ല. താരൻ അകറ്റാൻ ചില പ്രകൃതിദത്തമായ ഹെയർ പാക്കുകൾ പരീക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തിലും തലയിലെ താരൻ മാറുന്നതിനും തുളസിയുടെ ഗുണങ്ങൾ
* പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് തൈര്. അതിനാൽ മുടി കണ്ടീഷൻ ചെയ്യാൻ അത്യുത്തമമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാരണം താരൻ തടയുന്നതിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് നാരങ്ങ. രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ബന്ധപ്പെട്ട വാർത്തകൾ: വേനലിൽ തിളങ്ങാൻ തൈര്
* ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് മികച്ചതാണ് ആര്യവേപ്പില. അഞ്ചോ ആറോ വേപ്പില രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി തലയിൽ പുരട്ടാം. ഇത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ആര്യവേപ്പ് ഔഷധകലവറ
* ഉലുവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാൻ സഹായിക്കുന്നു, കൂടാതെ മുടിയുടെ വരൾച്ച, കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിൽ വലിയ അളവിൽ ലെസിത്തിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ജലാംശം നൽകുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കുതിർത്ത ഉലുവ തലയിൽ തേച്ചിട്ട ശേഷം ഉണങ്ങി കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
* കറ്റാർവാഴയുടെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ തടയുന്നു. മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പും പ്രോട്ടീനും അടങ്ങിയതിനാൽ മുടി കണ്ടീഷനിംഗ് ചെയ്യാൻ ഇത് ഉത്തമമാണ്. ഇതിലേക്ക് കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചേർത്ത് തലയിലിടുന്നത് താരൻ അകറ്റുക മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.