മധുരം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്! എന്നാൽ എല്ലാ മധുരവും ആരോഗ്യത്തിന് നല്ലതല്ല. പ്രമേഹം വരുമോ എന്ന പേടിയിൽ പലരും മധുരം ഒഴിവാക്കുകയാണ് സാധാരണയായി ചെയ്യുന്നത്. പ്രമേഹമുള്ളവർക്ക് കൊതി വന്നാൽ പോലും മധുരം കഴിയ്ക്കാൻ കഴിയാത്ത അവസ്ഥ. ഇനി പേടികളൊന്നും വേണ്ട. പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിയ്ക്കാൻ സാധിക്കുന്ന ചില മധുരങ്ങൾ പരിചയപ്പെടാം.
കൂടുതൽ വാർത്തകൾ: പ്രമേഹം ചർമത്തിനും ദോഷം! ലക്ഷണങ്ങൾ അറിയാം..
1. മധുര തുളസി
പഞ്ചസാരയെക്കാൾ ഇരട്ടിമധുരമാണ് മധുര തുളസിയ്ക്ക്. പ്രമേഹ രോഗികൾക്ക് കണ്ണുംപൂട്ടി ഇത് കഴിയ്ക്കാം. പ്രമേഹം നിയന്ത്രിക്കാൻ മധുരതുളസിയിട്ട ചായ കുടിയ്ക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തിൽ മധുരതുളസിയുടെ ഇലയിട്ട് 5 മിനിട്ട് തിളപ്പിക്കാം. ഇത് മൂന്ന് നേരം ശീലമാക്കാം. പ്രമേഹത്തിന് മാത്രമല്ല, രക്തസമ്മർദത്തിനും മധുര തുളസി ചായ നല്ലതാണ്.
2. ഡാർക്ക് ചോക്ലേറ്റ്
ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
3. മധുര കിഴങ്ങ്
ഫൈബറും വിറ്റാമിനുകളും മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
4. ബെറി പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ പഴങ്ങൾ പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാം. ഇതിൽ ധാരാളം ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ബെറി പഴങ്ങൾ കഴിയ്ക്കുന്നതിലൂടെ പഞ്ചസാര കഴിയ്ക്കാനുള്ള ആസക്തി കുറയുന്നു.
5. ഈന്തപ്പഴം
പ്രമേഹ രോഗികൾക്ക് ഈന്തപ്പഴം ധൈര്യമായി കഴിയ്ക്കാം. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. അതിനാൽ രണ്ടോ, മൂന്നോ ഈന്തപ്പഴം കഴിയ്ക്കുന്നതിൽ പ്രശ്നമില്ല.
മധുര പലഹാരങ്ങൾക്ക് പകരം ഇവ കഴിയ്ക്കാം..
1. അവക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയിട്ടുണ്ട്.
2. ബദാം, പിസ്ത തുടങ്ങിയ നട്സുകൾ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാം. ഇതിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവാപ്പട്ട ഉത്തമമാണ്.
4. ചീരയിൽ വിറ്റാമിനുകളും മിനറൽസും ധാരാളം അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: എല്ലാവരുടെയും ആരോഗ്യ സ്ഥിതി ഒരുപോലെ ആയിരിക്കണമെന്നില്ല, ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുക.)