വിപണിയിൽ ലഭിക്കുന്ന ജ്യൂസുകളും സ്ക്വാഷുകളും മറ്റും ധാരാളം പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ്. ഇവയെല്ലാം ശരീരഭാരം അമിതമായി വര്‍ദ്ധിക്കാൻ ഇടയാക്കും. നമ്മളില്‍ ഭൂരിഭാഗവും ശൈത്യകാലത്തെ കുറ്റപ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആ സമയത്ത് ശരീരഭാരം വര്‍ദ്ധിക്കും എന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: 2 ആഴ്ചയ്ക്കുള്ളിൽ ശരീരഭാരം കുറയ്ക്കാൻ വീട്ടിലുണ്ടാക്കാം ഈ 5 പാനീയങ്ങൾ
ശൈത്യകാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതുകൊണ്ടും ദിവസം മുഴുവനും കിടക്കയില്‍ മടിപിടിച്ച് കിടക്കാനോ അല്ലെങ്കില്‍ അലസമായി ഇരിക്കാനോ ഉള്ള പ്രേരണ കൊണ്ടുമാണ് ഭാരം കൂടുന്നത്. എന്നാല്‍ വേനല്‍ക്കാലത്തും (Summer) പലരുടെയും ശരീരഭാരം കൂടാറുണ്ട്. അന്തരീക്ഷത്തിലെ താപനില ഉയരുമ്പോള്‍ ധാരാളം വെള്ളം കുടിക്കാന്‍ തോന്നും. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ശീതളപാനീയങ്ങള്‍, ബിയര്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ആല്‍ക്കഹോള്‍ എന്നിവയൊക്കെ കുടിക്കുന്നത് നമ്മള്‍ അറിയാതെ തന്നെ ശരീരഭാരം അമിതമായി വര്‍ദ്ധിക്കാൻ ഇടയാക്കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന രണ്ട് പാനീയങ്ങൾ ഏതൊക്കെയെന്ന് അറിയാം:
കരിക്കിന്‍ വെള്ളം
ഇന്ത്യക്കാർ പൊതുവെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പാനീയമാണ് കരിക്കിന്‍വെള്ളം. ഫൈബറുകള്‍, പ്രോട്ടീന്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായ കരിക്കിന്‍വെള്ളം കൊഴുപ്പില്ലാത്തവയും അത്യധികം പോഷക സമ്പന്നവുമാണ്. ഇത് ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ കരിക്കിൻവെള്ളം ഉപാപചയത്തിന്റെ നിരക്ക് മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് കൂടുതലായി എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു. പോഷകങ്ങളും എന്‍സൈമുകളും നിറഞ്ഞ കരിക്കിന്‍വെള്ളം ശരീരഭാരം കുറയ്ക്കാനും ജലാംശം നിലനിര്‍ത്താനും വേനല്‍ക്കാലത്ത് കഴിക്കാവുന്ന ഒരു ഉത്തമ പാനീയമാണ്.
നാരങ്ങ വെള്ളം
വിറ്റാമിന്‍-സി, സിട്രിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയാല്‍ സമ്പന്നമായ നാരങ്ങ വെള്ളം വേനല്‍ക്കാലത്ത് ഉന്മേഷം നൽകുന്ന ഒരു പാനീയമാണ്. ഇത് കടുത്ത ചൂടിനെ അതിജീവിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ഈ പാനീയം ശരീരത്തില്‍ നിന്നുള്ള വിഷവസ്തുക്കളെയും പുറന്തള്ളുന്നു. നാരങ്ങാവെള്ളം വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നതിനാൽ ചൂട് വെള്ളത്തിലും സാധാരണ വെള്ളത്തിലും ഏതാനും തുള്ളി നാരങ്ങ നീര് ചേര്‍ക്കുന്നത് ഉത്തമമാണ്. പാനീയം തയ്യാറാക്കുമ്പോള്‍ അൽപ്പം ഉപ്പ് അല്ലെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. പാനീയം കൂടുതൽ രുചികരമാക്കാൻ നിങ്ങള്‍ക്ക് പുതിനയില, ഇഞ്ചി തുടങ്ങിയവയും ചേര്‍ക്കാവുന്നതാണ്.
കരിക്കിന്‍വെള്ളവും നാരങ്ങ വെള്ളവും ശരീരത്തിന് ഗുണകരമാണെങ്കിലും അവയുടെ അളവ് ശ്രദ്ധിക്കേണ്ടതാണ്. ഒരു ദിവസം 2-3 ഗ്ലാസ്സ് കഴിക്കുന്നതാണ് ഉത്തമം. അമിതമായി ഈ പാനീയങ്ങള്‍ കുടിക്കാതിരിക്കുക. കൂടാതെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ഒരു മെഡിക്കല്‍ വിദഗ്ദ്ധനെ സമീപിക്കുക. വേനല്‍ക്കാലത്ത് കുടിക്കാവുന്ന ഒട്ടേറെ പാനീയങ്ങള്‍ വേറെയുമുണ്ട്. മാതളനാരങ്ങ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ആപ്പിള്‍ ജ്യൂസ്, നെല്ലിക്ക ജ്യൂസ്, മുന്തിരി ജ്യൂസ്, പൈനാപ്പിള്‍ ജ്യൂസ്, തേന്‍വെള്ളം, ശര്‍ക്കര ചേര്‍ത്ത് പാനീയം, വിവധയിനം പഴച്ചാറുകള്‍ തുടങ്ങിയവയെല്ലാം വേനല്‍ക്കാലത്ത് ഊര്‍ജ്ജം പകരുന്ന പാനീയങ്ങളാണ്.