പോഷകഗുണങ്ങൾ ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് നമുക്ക് അറിയാം. എന്നാൽ ഇവ കഴിക്കുന്നതിന് മുമ്പ് തന്നെ വൃത്തിയാക്കാൻ തൊലി കളയുന്നത് നമ്മുടെ രീതിയാണ്. എന്നാൽ പഴങ്ങളിലെയും പച്ചക്കറികളിലെയും തൊലിയിലാണ് നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്നത്. തൊലി കളയുന്നതിലൂടെ അതിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. തൊലികൾക്ക് രുചിയില്ലാത്തതും മറ്റൊരു കാരണമാണ്. വാഴപ്പഴത്തിന്റെ തൊലിയും ഉരുളക്കിഴങ്ങിന്റെ തൊലിയും കഴിക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കുന്ന കാര്യമല്ല അല്ലേ? തൊലി കളയാതെ കഴിക്കേണ്ട ചില പച്ചക്കറികളെയും പഴവർഗങ്ങളെയും പരിചയപ്പെടാം.
കാരറ്റ് (Carrot)
കാരറ്റിന്റെ തൊലി കട്ടി കുറഞ്ഞതായതിനാൽ അകത്തെ ഭാഗത്തിന്റെ അതേ ഗുണമാണ് പുറത്തും. അതുകൊണ്ട് തൊലി കളയാതെ കാരറ്റ് കഴിക്കുന്നതാണ് ഉത്തമം. കാരറ്റിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ബീറ്റാകരോട്ടിന്റെ സാന്നിധ്യമാണ് കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത്. പ്രതിരോധശക്തി കൂട്ടാനും, ശരീരഭാരവും കൊളസ്ട്രോളും നിയന്ത്രിക്കാനും കാരറ്റിലെ പോഷക ഗുണങ്ങൾ സഹായിക്കുന്നു. ഇതിലെ കരോട്ടിൻ ഘടകം കാൻസർ സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മധ്യവയസ്സിൽ സ്ത്രീകളിൽ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?
ഏത്തപ്പഴം (Banana)
നാരുകളാൽ സമ്പന്നമാണ് ഏത്തപ്പഴവും അതിന്റെ തൊലിയും. ആന്റി ഓക്സിഡന്റായ ലുട്ടെയ്നും പൊട്ടാസ്യവും തൊലിയിൽ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഏത്തപ്പഴം വളരെ നല്ലതാണ്. തൊലി കട്ടിയുള്ളതിനാൽ പഴത്തോടൊപ്പം ചേർത്ത് ജ്യൂസ് അടിച്ച് കുടിയ്ക്കുകയോ, പുഴുങ്ങി കഴിക്കുകയോ ചെയ്യാം. കറുത്ത തൊലിക്ക് കട്ടി കുറവായിരിക്കും. ചർമ രോഗങ്ങളെ പ്രതിരോധിക്കാനും, കണ്ണിന്റ ആരോഗ്യത്തിനും, പല്ലിന് വെളുത്ത നിറം ലഭിക്കുന്നതിനും ഏത്തപ്പഴത്തിന്റെ തൊലി അത്യുത്തമമാണ്.
ആപ്പിൾ (Apple)
നാരുകൾക്ക് പുറമെ പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ആപ്പിളിലും തൊലിയിലും അടങ്ങിയിരിക്കുന്നു. അണുബാധ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്ന വിറ്റാമിൻ കെയും ആപ്പിളിലുണ്ട്. ക്വെർസെറ്റിൻ എന്ന ആന്റി ഓക്സിഡന്റ് ശ്വാസകോശ പ്രവർത്തനങ്ങളെ സഹായിക്കുന്നു. തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ്സ് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. തൊലിയിലുള്ള നാരുകൾ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
വെള്ളരിക്ക (Cucumber)
ആന്റി ഓക്സിഡന്റുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളമായി വെള്ളരിക്കയുടെ തൊലിയിൽ അടങ്ങിയിരിക്കുന്നു. വെള്ളരി തൊലി കളയാതെ ജ്യൂസ് അടിച്ച് കുടിക്കുകയോ, ചവച്ച് കഴിക്കുകയോ ചെയ്യാം. തൊലിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, ഫൈബർ, വിറ്റാമിൻ എ, ബീറ്റാകരോട്ടിൻ എന്നിവ അടിങ്ങിയിരിക്കുന്നു. ഇവയിൽ ധാരാളമായി വെള്ളം അടങ്ങിയിരിക്കുന്നത് നിർജലീകരണം തടയുന്നു.
ഉരുളക്കിഴങ്ങ് (Potato)
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഉൾഭാഗത്തെക്കാൾ കാത്സ്യവും ഇരുമ്പും ആന്റി ഓക്സിഡന്റും അടങ്ങിയിരിക്കുന്നു. മധുരമുള്ള ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങ് നന്നായി കഴുകിയ ശേഷം തൊലി കളയാതെ തന്നെ കറികളിൽ ഉപയോഗിക്കുന്നത് നല്ലതാണ്.
വഴുതന (Aubergine)
വഴുതനയുടെ തൊലിയിൽ ആന്ത്രോസിയാനിനും ഫൈറ്റോ കെമിക്കൽ ആയ ക്ലോറോജനിക് ആസിഡും അടങ്ങിയിരിക്കുന്നു. ആന്ത്രോസിയാനിൻ മസ്തിഷ്കത്തിലെ കാൻസർ വളർച്ച തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല വഴുതനയുടെ തൊലിയിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്.