മുടി സംരക്ഷണം നമ്മുടെ ജീവിത ശൈലിയുടെ അവിഭാജ്യ ഘടകമാണ്, മുടി എങ്ങനെ പരിപാലിക്കുന്നു എന്നത് പ്രധാനമാണ്. ശരിയായ പരിചരണം മുടികൊഴിച്ചിൽ തടയാനും മുടി ആരോഗ്യകരവും മനോഹരവുമാക്കാനും സഹായിക്കും. മുടിയുടെ ഗുണനിലവാരം നിങ്ങളുടെ ആത്മവിശ്വാസവും വ്യക്തിത്വവും വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല.
എന്നാൽ മുടി എങ്ങനെ സംരക്ഷിക്കണം എന്നതിനെപ്പറ്റി എല്ലാവർക്കും അറിയണം എന്നില്ല. അത് കൊണ്ട് തന്നെ നിങ്ങളുടെ മുടി നന്നായി പരിപാലിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ.
മുടി സംരക്ഷണ രീതികൾ
1. കുളിക്കുന്നതിന് മുമ്പ് മുടി ചീകുക
മുടി ചീകുന്നത് മുടിയുടെ ആരോഗ്യത്തിൻ്റേയും ശുചിത്വത്തിന്റെയും പ്രധാന ഭാഗമാണ്. എണ്ണ തേക്കുന്നതിന് മുമ്പ് മുടി ചീകുന്നത് മുടി പൊട്ടി പോകാതിരിക്കാനും, തലയോട്ടിയുടെ ആഴങ്ങളിലേക്ക് എണ്ണ എത്തുന്നതിനും സഹായിക്കുന്നു. തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ സ്വാഭാവിക എണ്ണകളുടെ വിതരണവും ഇത് സാധ്യമാക്കുന്നു. അതുപോലെ, കുളി കഴിഞ്ഞതിന് ശേഷം മുടി ചീകുന്നത് മുടിയിലെ കുരുക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ശ്രദ്ധിക്കുക: കുളി കഴിഞ്ഞ് ഈർപ്പത്തോട് കൂടി മുടി ചീകരുത്. ഇത് മുടി പൊട്ടുന്നതിന് കാരണമാകുന്നു.
2. ഹെയർ മാസ്കുകൾ ഉപയോഗിക്കുക
മുടിയിൽ ഹെയർ മാസ്ക് പ്രയോഗിക്കുന്നത് മുടിക്ക് തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കുന്നു, മാത്രമല്ല ഇത് മുടിക്ക് ഈർപ്പം നൽകുന്നു, ഇത് മുടി പൊട്ടുന്നതും കേടുപാടുകളും കുറയ്ക്കാൻ സഹായിക്കുന്നു. ഹെയർ മാസ്‌കുകൾ മുടിയിലെ ചുളിവ് കുറയ്ക്കുകയും ആരോഗ്യകരമായ തലയോട്ടിയും കരുത്തുറ്റ മുടിയും നൽകുകയും ചെയ്യുന്നു.
3. കണ്ടീഷണർ ഉപയോഗിക്കുക
തലയോട്ടിയിലെ വിയർപ്പും ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളും വൃത്തിയാക്കാൻ ഷാംപൂ ഉപയോഗിക്കുമ്പോൾ, കണ്ടീഷണർ മുടിയെ മൃദുവും കൈകാര്യം ചെയ്യാൻ എളുപ്പവുമാക്കുന്നു. ഇത് മുടിയുടെ തണ്ടുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കണ്ടീഷണർ മുടിയിൽ ജലാംശം പുനഃസ്ഥാപിക്കുന്നു. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ഇതിന് കഴിയും.
4. മുടി മുറിക്കുക
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ മുടിവെട്ടൽ നിർബന്ധമാണ്. പതിവ് ഹെയർകട്ട് നിങ്ങളുടെ മുടികൾ ആരോഗ്യമുള്ളതായിരിക്കുമെന്നും അത് പൊട്ടിപ്പോകില്ലെന്നും ഉറപ്പാക്കുന്നു. ഇത് മുടിയിലെ താരൻ കുറയ്ക്കുകയും നല്ല മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
5. ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ മുടി ശക്തവും തിളക്കവുമുള്ളതാക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് വേണ്ടത്ര പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ മുടിയിലും അതിന്റെ ഫലങ്ങൾ കണ്ടേക്കാം. അവശ്യ ഒമേഗ -3, ഫാറ്റി ആസിഡുകൾ എന്നിവ നിങ്ങളുടെ ചർമ്മം, മുടി, നഖം എന്നിവയുടെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ മുടി കൂടുതലും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം മുടി സംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പല്ലിലെ കറുപ്പ് നീക്കാനുള്ള ഉപാധികൾ ഇവയാണ്...