എണ്ണയിൽ വറുത്തെടുക്കുന്ന വിഭവങ്ങളോട് പൊതുവെ നമുക്ക് പ്രിയം കൂടുതലാണ്. പുറത്ത് പോയാലും വീട്ടിലായാലും എണ്ണ ഉപയോഗിച്ച് പാചകം ചെയ്ത വിഭവങ്ങൾക്ക് ആയിരിക്കും നമ്മളിലേറെ പേരും പ്രാധാന്യം നൽകുന്നത്. എന്നാൽ എണ്ണയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ദോഷമാണെന്നും നമുക്ക് അറിയാം.
- മുഖത്ത് കുരുക്കൾ വരും (Acne)
എണ്ണ അധികമായി ശരീരത്തിലെത്തുന്നത് ചർമത്തെ ബാധിക്കാറുണ്ട്. ഇത് മുഖത്തും ശരീരഭാഗങ്ങളിലും കുരുക്കൾ വരാനിടയാക്കും. നിങ്ങളുടെ ചർമം കൂടുതൽ എണ്ണമയമുള്ളതാണെങ്കിൽ കുരുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ : Yoga Tips: യോഗ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
- പ്രമേഹ സാധ്യത കൂട്ടും (Diabetes)
എണ്ണ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ ടൈപ്പ്-2 പ്രമേഹത്തിനുള്ള (Type 2 diabetes) സാധ്യത വർധിപ്പിക്കും. ഇത്തരം ഭക്ഷണങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. പതിവായി എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 15 ശതമാനം കൂടുതലാണ്. ഈ അവസ്ഥ ഒഴിവാക്കാൻ എണ്ണ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നത് നല്ലതാണ്.
- ശരീരഭാരം വർധിക്കുന്നു (Weight gain)
എണ്ണ ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ കലോറി (Calorie) അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുന്നു. ഇത്തരം ഭക്ഷണങ്ങളിൽ നിന്നും അധികമായി എത്തുന്ന കൊഴുപ്പ് വയറിൽ അടിയുകയും ചെയ്യുന്നു.
- ദഹന പ്രശ്നങ്ങൾക്ക് സാധ്യത (Digestion problems)
ശരീരത്തിൽ എത്തുന്ന കൊഴുപ്പിന്റെ അളവ് കൂടുംതോറും അത് ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. ഇതുമൂലം വയറുവേദന, ഓക്കാനം, വയറിളക്കം, വയറു വീർക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം ഭക്ഷണത്തിൽ എത്രമാത്രം എണ്ണ അടങ്ങിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ശരീരത്തിലെത്തുന്ന കൊഴുപ്പിന്റെ അളവ്.
- ഹൃദയ സംബന്ധമായ രോഗങ്ങൾ (Heart related issues)
എണ്ണമയമുള്ള ഭക്ഷണത്തിന്റെ അമിത ഉപയോഗം ശരീരത്തിലെ രക്തസമ്മർദവും (Blood pressure) കൊളസ്ട്രോളും (Cholesterol) വർധിപ്പിക്കും. ഇത് ഹൃദയത്തിന് ദോഷകരമാണ്. എണ്ണമയമുള്ള ഭക്ഷണം പതിവായി കഴിക്കുന്നതും ഗുരുതരമായ ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുന്നു.
പാചകം ചെയ്യാൻ ഈ എണ്ണകൾ തിരഞ്ഞെടുക്കാം (Best oils for cooking)
പാചകം ചെയ്യാൻ നമ്മൾ പലതരം എണ്ണകളും (Oil) ഉപയോഗിക്കും. എന്നാൽ ഏറ്റവും ഗുണമുള്ള എണ്ണകൾ ഏതാണെന്ന് സംശയം ഉള്ളവരുണ്ട്. പാചകത്തിനായി എണ്ണ തിരഞ്ഞെടുക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ പരിശോധിക്കുന്നത് വളരെ നല്ലതാണ്. മാർക്കറ്റിൽ പലതരം എണ്ണകൾ സുലഭമാണ്. എന്നാൽ തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്.
കൊഴുപ്പ് കൂടുതലായി അടങ്ങിയ എണ്ണകൾ പാചകത്തിന് ഉപയോഗിക്കാതിരിക്കുക. വെണ്ണ, പാമോയിൽ, ആവണക്കണ്ണ എന്നിവയിൽ കൊഴുപ്പ് കൂടുതലായി അടങ്ങിയിരിക്കുന്നു. വെണ്ണയുടെ അമിത ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.
ഒലിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്ന സൂര്യകാന്തി എണ്ണ (Sunflower oil) പാചകത്തിന് ഉത്തമമാണ്. ഭക്ഷണം ആഴത്തിൽ വറുത്തെടുക്കാൻ ഈ എണ്ണ മികച്ചതാണ്. എന്നാൽ തുടർച്ചയായി ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഭക്ഷണം വറുക്കാനും വഴറ്റാനും മികച്ച എണ്ണയാണ് അവക്കാഡോ എണ്ണ (Avocado oil).
ഭക്ഷണത്തിന് രുചി കൂടാൻ കടുകെണ്ണ (Mustard oil) ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിലെ പല രോഗങ്ങളെയും ചെറുക്കാനും കടുകെണ്ണയ്ക്ക് കഴിയും. ഏറ്റവും നല്ല ആരോഗ്യ ഗുണമുള്ള എണ്ണയാണ് ഒലിവ് ഓയിൽ (Olive oil). ബേക്ക് ചെയ്യുന്നതിനും സാലഡിലും ഒലിവ് ഓയിൽ ഉപയോഗിക്കാം. ധാതുക്കളാൽ സമ്പന്നമാണ് എള്ളെണ്ണ (Sesame oil). രക്തസമ്മർദം നിയന്ത്രിക്കുന്നതിനും എള്ളെണ്ണ ഉത്തമമാണ്.