അകത്തളങ്ങള്‍ മോടികൂട്ടാന്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ തേടിപ്പോകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. അത്തരക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന ചെടികളും ഇന്ന് വിപണിയില്‍ സുലഭമാണ്.
എന്നാല്‍ പച്ചക്കറികള്‍ നടാന്‍ ആഗ്രഹമുണ്ടെങ്കിലും പലരും നേരിടുന്ന പ്രധാന വെല്ലുവിളി സ്ഥലപരിമിതി തന്നെയാണ്. എങ്കില്‍ കേട്ടോളൂ ചില പച്ചക്കറികള്‍ നിഷ്പ്രയാസം ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം. അത്തരത്തില്‍ എളുപ്പത്തില്‍ വീട്ടിനകത്തും ഫ്‌ളാറ്റുകളിലുമെല്ലാം വളര്‍ത്തിയെടുക്കാവുന്ന ചില പച്ചക്കറികളിലേക്ക്.
തക്കാളി
നമ്മുടെ അടുക്കളയില്‍ നിന്ന് ഒരു ദിവസം പോലും മാറ്റിനിര്‍ത്താനാകാത്ത പച്ചക്കറികളിലൊന്നാണ് തക്കാളി. വെളിച്ചം ധാരാളം ആവശ്യമുളളതിനാല്‍ വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാം. തക്കാളിയുടെ ഇനം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. ഇന്‍ഡോര്‍ പച്ചക്കറിയായി വളര്‍ത്താനാണെങ്കില്‍ ചെറിത്തക്കാളി പോലുളളവ തെരഞ്ഞെടുക്കാം. ഇവയ്ക്ക് വലിയ രീതിയിലുളള പരിചരണമൊന്നും ആവശ്യമില്ല.
ക്യാരറ്റ്
നമ്മുടെ ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നാണ് ക്യാരറ്റ്. വളരെ എളുപ്പത്തില്‍ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താനാകുന്ന പച്ചക്കറിയാണിത്. ദിവസം ആറ് മുതല്‍ എട്ട് വരെ മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്നയിടത്താണെങ്കില്‍ ക്യാരറ്റ് നന്നായി വളരും. സ്ഥലസൗകര്യം കൂടുതല്‍ വേണ്ട എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഉരുളക്കിഴങ്ങ്
വളരെ കുറഞ്ഞ കാലയളവിനുളളില്‍ വിളവെടുക്കാവുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. നടാനെടുക്കുന്ന പാത്രത്തിന് 15 സെ.മീ വലിപ്പമെങ്കിലും ഉണ്ടായിരിക്കണം. മാത്രമല്ല വെളളം വാര്‍ന്നുപോകാനുളള സുഷിരവും വേണം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് പാത്രം വയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിനുളളില്‍ ആകര്‍ഷകമായ പച്ചപ്പ് നല്‍കാനും ഉരുളക്കിഴങ്ങ് വളര്‍ത്തുന്നതിലൂടെ സാധിക്കും.
ബീന്‍സ്
അധികം പരിചരണമൊന്നും നല്‍കിയില്ലെങ്കിലും നന്നായി വളര്‍ന്ന് വിളവെടുക്കാനാകുന്ന പച്ചക്കറിയാണ് ബീന്‍സ്. നട്ടശേഷം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വിളവെടുക്കാനാകുമെന്നതാണ് ബീന്‍സിന്റെ മറ്റൊരു പ്രത്യേകത.
മുളക്
നമ്മുടെ ഭക്ഷണത്തില്‍നിന്ന് യാതൊരുകാരണവശാലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുളക്. അതുകൊണ്ടുതന്നെ വീട്ടിനുളളില്‍ മുളക് വളര്‍ത്തിയാല്‍ പലഗുണങ്ങളാണ്. ദിവസം ആറോ ഏഴോ മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്നയിടത്ത് പാത്രം വയ്ക്കാന്‍ ശ്രദ്ധിക്കാം.
റാഡിഷ്
വളരെ എളുപ്പം വീട്ടിനകത്ത് വളര്‍ത്തിയെടുക്കാവുന്ന പച്ചക്കറിയാണ് റാഡിഷ്. വിത്ത് മുളപ്പിച്ചാല്‍ ഏഴുദിവസത്തിനകം തൈകളുണ്ടാകും. അധികം സൂര്യപ്രകാശമൊന്നും ഇതിന്റെ വളര്‍ച്ചയ്ത്ത് ആവശ്യമില്ല. തണുപ്പുളള കാലാവസ്ഥയാണെങ്കില്‍ കൂടുതല്‍ വളരും.
മല്ലിയില
ഭക്ഷണത്തിന് രുചിയും അലങ്കാരവും പകരുന്ന മല്ലിയിലയ്ക്ക് ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. ഒന്ന് മനസ്സുവച്ചാല്‍ മല്ലിയില വീട്ടിനുളളിലും എളുപ്പം വളര്‍ത്തിയെടുക്കാം. വീട്ടാവശ്യത്തിനെടുക്കുന്ന മല്ലിയോ കടകളില്‍ കിട്ടുന്ന വിത്തോ ഉപയോഗിച്ച് മല്ലിയില വളര്‍ത്തിയെടുക്കാം. ദിവസം അഞ്ച് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നയിടത്തായിരിക്കണം പാത്രം വയ്‌ക്കേണ്ടത്. ഒന്നരമാസത്തിനുളളില്‍ത്തന്നെ ഇലകള്‍ ഉപയോഗിക്കാനാകും.