നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ശീലമാണ് കുളി (Bathing). കുട്ടിക്കാലത്ത് കൃത്യമായ സമയത്ത് കുളിച്ചിരുന്ന നമ്മളിൽ പലരും ഇപ്പോൾ സമയം കണ്ടെത്തിയാണ് കുളിക്കുന്നത്. തിരക്കുകളും ജോലികളും മാറുന്തോറും ജീവിതശൈലികളും മാറിക്കൊണ്ടിരിക്കും. കുളിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മുടി സംരക്ഷണവും (Hair care) കുളിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇനി പറയാം. അതിരാവിലെ കുളിക്കുന്നവർക്ക് നല്ല ആരോഗ്യവും ഉന്മേഷവും ഉണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. മാത്രമല്ല ഭക്ഷണം കഴിച്ചയുടൻ കുളിക്കരുതെന്നും അവർ പറയാറുണ്ട്. അതിനൊരു കാരണമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Health tips: എണ്ണ കൂടുതൽ കഴിക്കല്ലേ! ആരോഗ്യപ്രശ്നങ്ങൾ അറിയാം
ഭക്ഷണം കഴിച്ചയുടൻ കുളിക്കുമ്പോൾ അത് ശരീരത്തിൽ നടക്കുന്ന രക്തയോട്ടത്തെ (Blood flow) പ്രതികൂലമായി ബാധിക്കുന്നു. അത് ദഹനത്തെ ബാധിക്കുകയും ശാരീരിക ബുദ്ധിമുട്ടുകൾ (Health issues) അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് ചിലപ്പോൾ മാരക രോഗങ്ങൾക്ക് വഴിവെക്കും.
എപ്പോൾ കുളിക്കണം (When to bath)
ഭക്ഷണത്തിന് മുമ്പ് കുളിക്കുന്നത് ഉത്തമമാണ്. ഇത് ദഹനപ്രക്രിയ (Digestive process) എളുപ്പത്തിലാക്കാൻ സഹായിക്കും. ആരോഗ്യ വിദഗ്ധർ പറയുന്നത് ആഹാരം കഴിച്ച് കഴിഞ്ഞ് അര മണിക്കൂറിന് ശേഷം കുളിക്കുന്നത് നല്ലതാണ് എന്നാണ്. എന്നാൽ ആഹാരത്തിന് ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞാൽ മാത്രമെ കുളിക്കാവൂ എന്നാണ് ആയുർവേദം പറയുന്നത്.
വേനൽക്കാലത്ത് രണ്ട് നേരം കുളിയ്ക്കുന്നത് നല്ലതാണ്. ശരീരത്തിന് തണുത്ത വെള്ളവും തലയിൽ പച്ചവെള്ളവും ഒഴിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞ് ആദ്യം തോർത്തേണ്ടത് മുതുകാണ്. മാത്രമല്ല കുളി തുടങ്ങുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിക്കരുതെന്നും പറയാറുണ്ട്.
കുളിയ്ക്കുമ്പോൾ മുടി ശ്രദ്ധിക്കാം (How to protect hair while bathing)
കുളിയ്ക്കുമ്പോൾ നമ്മൾ അറിയാതെ ചെയ്യുന്ന പല തെറ്റുകളും മുടിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. കുളിയ്ക്ക് മുമ്പും ഇടയ്ക്കും ശേഷവും വളരെ കരുതലോടെ വേണം നമ്മൾ മുടി കൈകാര്യം ചെയ്യാൻ.
- എങ്ങനെ മുടി കഴുകാം (How to wash hair)
തല കുളിക്കുന്നതിന് മുമ്പ് മുടിയിലെ ജട പൂർണമായും ചീകി അകറ്റുക. അല്ലെങ്കിൽ മുടി പൊട്ടാൻ സാധ്യതയുണ്ട്. മുടി കഴുകുമ്പോൾ പതിയെ കഴുകുക. മുടികൾ തമ്മിൽ ശക്തിയായി ഉരയ്ക്കാൻ പാടില്ല. ഇത് മുടി പൊട്ടാനുള്ള സാധ്യത കൂട്ടും. നനഞ്ഞിരിക്കുമ്പോൾ മുടി വളരെ ദുർബലമായിരിക്കും അതുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.
- കുളിയ്ക്ക് ശേഷം ശ്രദ്ധിക്കാം (How to protect hair after bathing)
കുളിയ്ക്ക് ശേഷം ടവൽ തലയിൽ കെട്ടി വയ്ക്കുന്നരാണ് നമ്മളിൽ അധികം പേരും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് മുടി കൂടുതൽ വരണ്ടതാക്കും. മാത്രമല്ല ടവൽ കൊണ്ട് തോർത്തുമ്പോഴും മുടി കാര്യമായി ശ്രദ്ധിക്കണം. തോർത്തുമ്പോൾ പതിയെ തോർത്തുക അല്ലെങ്കിൽ മുടി പൊട്ടാനും കൊഴിയാനും സാധ്യതയുണ്ട്.
കുളിയ്ക്ക് ശേഷം മുടി ചീകുന്നത് ഉത്തമമല്ല. ദുർബലമായ മുടി ചീകുന്നതും കൈകൊണ്ട് പിടിയ്ക്കുന്നതും മുടി കൊഴിച്ചിൽ കൂട്ടും. നനഞ്ഞ മുടിയിൽ നിരന്തരമായി ഡ്രൈയർ ഉപയോഗിക്കുന്നത് മുടിയ്ക്ക് ദോഷമാണ്. മുടി പൂർണമായും ഉണങ്ങാതെ പുറത്ത് പോകുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.