കറുപ്പും നീളവും കട്ടിയുമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്! എന്നാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നിങ്ങളുടെ മുടി നരക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും. പുരുഷന്മാരിലാണെങ്കിൽ ചെറുപ്പത്തിലേ കഷണ്ടി വരുന്നതും വലിയൊരു സൗന്ദര്യപ്രശ്നമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല
എന്നാൽ നെല്ലിക്ക ഒരു പ്രത്യേക രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങളിൽ നിന്ന് മുക്തരാകാൻ സാധിക്കും. കാരണം നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ നിരവധി പ്രധാന പോഷകങ്ങൾ മുടിയുടെ ആരോഗ്യത്തിന് പ്രയോജനകരമാണ്. ഇത് അഴകും ആരോഗ്യവുമുള്ള മുടിക്ക് സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. കേശസംരക്ഷണത്തിനുള്ള വീട്ടുവൈദ്യമായി എങ്ങനെയാണ് നെല്ലിക്ക പ്രയോജനപ്പെടുത്തേണ്ടതെന്ന് വിശദമായി അറിയാം.
നെല്ലിക്ക ജ്യൂസ് ഉപയോഗിച്ചാൽ കറുത്ത ആരോഗ്യമുള്ള മുടി ലഭിക്കും. നെല്ലിക്ക ജ്യൂസ് എങ്ങനെ തയ്യാറാക്കാമെന്നും ഇത് ഏത് രീതിയിലാണ് മുടിക്ക് പ്രയോജനപ്പെടുന്നതെന്നും നോക്കാം.
1. നരച്ച മുടി ഒഴിവാക്കുന്നു
അകാലനരക്കുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് നെല്ലിക്ക. പോഷകമൂല്യങ്ങളുടെ അഭാവമായിരിക്കാം അകാലനരക്ക് കാരണമാകുന്നത്. എന്നാൽ, നെല്ലിക്കയിലെ പോഷകഘടകങ്ങൾ ഇതിന് പരിഹാരമാണ്. അതായത്, നെല്ലിക്കക്കൊപ്പം മൈലാഞ്ചി കൂടി കലർത്തി വേണം ഉപയോഗിക്കേണ്ടത്. ഇത് മുടി കറുപ്പിക്കാൻ സഹായിക്കുന്നു.
ഇതിനായി ഒരു പാത്രത്തിൽ നെല്ലിക്ക നീര് എടുത്ത് അരച്ചെടുത്ത മൈലാഞ്ചി അലിയിക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടുക. ഈ മിശ്രിതം തലമുടിയിൽ ഉണങ്ങുമ്പോൾ, സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. ഒപ്പം വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മുടി നീളത്തിൽ വളരാൻ മാത്രമല്ല, മുടിയുടെ വേരുകൾക്കും കരുത്തു പകരും.
2. താരനിൽ നിന്നും മോചനം
താരൻ പോലുള്ള പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ നെല്ലിക്ക വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി ആദ്യം നെല്ലിക്കയുടെ നീര് എടുത്ത് ഇത് ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ പുരട്ടണം. കുറച്ച് മിനിറ്റുകൾ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.
3. ശക്തിയും ബലവുമുള്ള മുടിക്ക് നെല്ലിക്ക ജ്യൂസ്
മുടിക്ക് ബലം ലഭിക്കാൻ നെല്ലിക്ക ജ്യൂസും നെല്ലിക്ക പൊടിയും ചേർത്ത് മിശ്രിതമുണ്ടാത്തി ബ്രഷ് ഉപയോഗിച്ച് മുടിയിഴകളിൽ തേച്ചുപിടിപ്പിക്കാം. ഈ മിശ്രിതം ഉണങ്ങുമ്പോൾ, സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. മുടിയുടെ ആരോഗ്യത്തിനും പല പ്രശ്‌നങ്ങൾക്കും നെല്ലിക്ക ജ്യൂസ് പരിഹാരമാകുന്നു.
നെല്ലിക്ക മുടിയിൽ പുരട്ടുന്നത് പോലെ, നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതും കേശവളർച്ചക്ക് നല്ലതാണ്. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്താൽ മുടികൊഴിച്ചിൽ കുറയും.കൂടാതെ ചർമ പ്രശ്നങ്ങൾക്കും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് നെല്ലിക്ക ജ്യൂസ്.
നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ
സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. അണുബാധ, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിച്ചാൽ മലബന്ധ പ്രശ്നം തടയാം. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്.
ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് നെല്ലിക്ക ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലുണ്ടാക്കാം ഉന്മേഷദായകമായ 5 വേനൽക്കാല ജ്യൂസുകൾ
മെറ്റബോളിസം വർധിപ്പിക്കാനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും നെല്ലിക്ക സഹായിക്കുന്നു. കൂടാതെ, ശരീര ഭാരം നിയന്ത്രിക്കുന്നതിനും നെല്ലിക്ക ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് സഹായിക്കും. ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്ന നാരുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ്.