ലോക്ക്ഡോണിലെ ബോറടി മാറാനായി ഇന്ന് പലരും പല ബിസിനസ്സുകൾ തുടങ്ങുന്നുണ്ട്. അങ്ങിനെ തുടങ്ങിയ പലരും ലക്ഷങ്ങൾ സമ്പാദിക്കുന്നുമുണ്ട്.
വീട്ടിൽ വളർത്തുന്ന ഇൻഡോർ പ്ലാന്റ്‌സിനും ഇന്ന് നല്ല ഡിമാൻഡാണ്. ചെടികളുടെ ഡിമാൻഡ് കൂടുന്നതനുസരിച്ച് സ്വാഭാവികമായും അതിന്റെ വിലയും കൂടുന്നു. കണ്ടാൽ നിസാരമെന്ന് തോന്നുന്ന ചെടികൾക്ക് പോലും ആയിരങ്ങളാണ് വില. അക്കൂട്ടത്തിൽ ന്യൂസിലാന്റിൽ വെറും ഒൻപത് ഇലകളുള്ള, വീട്ടിൽ വളർത്തുന്ന ഒരു ചെടി 14 ലക്ഷത്തിനാണ് ലേലത്തിൽ വിറ്റുപോയത്.
കാഴ്ചയിൽ ഒരു സാധാരണ ചെടിയെ പോലെ തോന്നിക്കുന്ന അത് വളരെ അപൂർവമായ ഒരു ഇൻഡോർ പ്ലാന്റാണ് എന്നാണ് പറയുന്നത്. റാഫിഡോഫോറ ടെട്രാസ്പെർമ എന്ന ഇനത്തിൽ പെട്ട ഇതിനെ ഫിലോഡെൻഡ്രോൺ മിനിമ എന്നും മിനി-മോൺസ്റ്റെറ എന്നും വിളിക്കുന്നു.
തുടക്കത്തിൽ ട്രേഡ് മി വെബ്‌സൈറ്റിൽ 6.50 ലക്ഷത്തിനാണ് ഇത് പട്ടികപ്പെടുത്തിയിരുന്നത്. തുടക്കത്തിൽ രണ്ട് ആളുകൾ മാത്രമാണ് ലേലം വിളിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ, ഒടുവിൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് യഥാർത്ഥ വിലയേക്കാൾ മൂന്നിരട്ടി വിലയ്ക്ക് അത് വിറ്റു പോയി. ലേലത്തിന്റെ അവസാനം ഈ ചെടിയ്ക്ക് 102,000 വ്യൂകളും 1,600 ൽ അധികം വാച്ച് ലിസ്റ്റുകളും ലഭിച്ചു. ലേലം നടന്ന സ്ഥലത്ത് ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലകൂടിയ ചെടിയാണ് ഇതെന്ന് ട്രേഡ് മി വക്താവ് മില്ലി സിൽവെസ്റ്റർ സിഎൻഎന്നിനോട് പറഞ്ഞു.
ഒരു ഓക്ലാൻഡുകാരനാണ് ഈ ചെടി വാങ്ങിയത്. ഓരോ ഇലയ്ക്കും വെള്ളയും പച്ചയും ഇടകലർന്ന നിറമാണുള്ളത്. തണ്ടിൽ നിന്ന് ആരംഭിച്ച് ഇലയുടെ അറ്റം വരെ വ്യാപിക്കുന്ന ഈ നിറപ്പകർച്ചയാണ് ഇതിന്റെ മൂല്യം ഉയർത്തിയത്. തായ്‌ലൻഡിലും മലേഷ്യയിലുമാണ് ഈ ചെടി സാധാരണയായി കണ്ടുവരുന്നത്. കഴിഞ്ഞ വർഷം, വെറും നാല് ഇലകളുള്ള ഒരു ചെറിയ ചെടി ഇതേ വെബ്സൈറ്റിൽ മൂന്ന് ലക്ഷത്തിന് വിറ്റു പോയിരുന്നു.
റാഫിഡോഫോറ ടെട്രാസ്പെർമ അല്ലെങ്കിൽ ഫിലോഡെൻഡ്രോൺ മിനിമ എന്നറിയപ്പെടുന്ന ആ ചെടിയുടെ ഇലകൾ പകുതി പച്ചയും, പകുതി മഞ്ഞയുമാണ്.