വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. തലയുടെയോ ശരീരത്തിന്റെയോ ചലനങ്ങള്‍പോലും വേദന കൂട്ടാറുണ്ട്. "കൊടിഞ്ഞി', "ചെന്നിക്കുത്ത്' എന്നീ പേരുകളും മൈഗ്രേനുണ്ട്. വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും വഴിയൊരുക്കുന്നത്. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. അസമയത്തും അധികമായും കഴിക്കുന്ന ഭക്ഷണം, മസാല കൂടിയ ഭക്ഷണങ്ങള്‍, അധിക വ്യായാമം, മാനസികസമ്മര്‍ദം, മദ്യപാനം, പുകവലി, മലമൂത്രവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവ മൈഗ്രേന്‍ വരാന്‍ ഇടയാക്കുന്ന മറ്റു ഘടകങ്ങളാണ്.
മൈഗ്രേന്റെ ലക്ഷണങ്ങൾ
തലയുടെ ഒരുവശത്ത് മാത്രമായി വിങ്ങുന്ന തരത്തിലുള്ള വേദന, വെളിച്ചം കാണുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ കൂടുന്ന വേദന, ഛര്‍ദി, ഓക്കാനം, ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ഇവ മൈഗ്രേന്റെ ലക്ഷണങ്ങളാണ്. കൂടാതെ തലവേദന ഉണ്ടാകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് മൈഗ്രേന്‍ വരാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയായി 60 ശതമാനം പേര്‍ക്കും വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. വിഷാദം, വിഭ്രാന്തി, ഭക്ഷണത്തോട് അമിത താല്‍പ്പര്യം, ഉല്‍കണ്ഠ, തളര്‍ച്ച, അമിതഭാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ടാകും. തലവേദനയ്ക്കു മുമ്പ് ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന രണ്ടാമതൊരിനം സവിശേഷ ലക്ഷണങ്ങളും മിക്കവരിലും കാണാറുണ്ട്. കാഴ്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളാണ് കൂടുതലായും കാണപ്പെടുക. കണ്ണിന്റെ മുന്നില്‍ വെള്ളിവെളിച്ചം, പ്രകാശവലയം, കറുത്തപൊട്ട്, മൂടല്‍, ചിലന്തിവലയിലൂടെ നോക്കുന്നതുപോലെ തോന്നുക, കോട്ടകള്‍പോലെയുള്ള പ്രകാശം, നിറഭേദങ്ങള്‍, ഒരുവശത്തെ ശേഷി കുറയല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണുക.
മൈഗ്രേന്‍ ഉണ്ടാകുന്നത്
വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡിതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേന് വഴിയൊരുക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രേനിടയാക്കും.
ചികിത്സ
വിവിധ തരത്തിലുള്ള ഔഷധങ്ങള്‍, വിശ്രമം, ദിനചര്യയില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ ഇവ ഉള്‍പ്പെട്ട ചികിത്സാക്രമമാണ് ആയുര്‍വേദം നല്‍കുന്നത്. ഒപ്പം സ്നേഹപാനം, സ്വേദനം, ശിരോവസ്തി, നസ്യം, തളം, ലേപനം, വസ്തി തുടങ്ങിയവ അവസ്ഥാനുസരണം മൈഗ്രേന്‍ ചികിത്സയില്‍ മികച്ച ഫലം നല്‍കുന്നു. ഉചിതമായ തൈലങ്ങള്‍ തലയില്‍ ഉപയോഗിക്കുന്നതും നല്ല ഫലം തരും. മുക്കുറ്റി അരച്ച് നെറ്റിയുടെ പാര്‍ശ്വങ്ങളില്‍ പുരട്ടുന്നതും, പൂവാംകുരുന്നില നീര് തലയില്‍ തളംവയ്ക്കുന്നതും വേദന കുറയ്ക്കും. ഉഴുന്നു വേവിച്ച് പാലില്‍ ചേര്‍ത്ത് രാത്രിയില്‍ കഴിക്കുക, ജീരകം ചേര്‍ത്ത് പാല്‍ കാച്ചിക്കുടിക്കുക, ചുക്ക് അരച്ച് നെറ്റിയില്‍ പുരട്ടുക, ഇഞ്ചി ചേര്‍ത്ത കട്ടന്‍ചായ കുടിക്കുക. (വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനുകളുടെ അമിത ഉല്‍പ്പാദനത്തെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേന്‍ വേദന കുറയ്ക്കുന്നത്), ജാതിക്ക ഉരച്ച് നെറ്റിയില്‍ പുരട്ടുക എന്നിവ മൈഗ്രേന്‍ വേദനയ്ക്ക് ആശ്വാസമേകാറുണ്ട്. Migraine – Symptoms and Treatment
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പോഷകങ്ങളുടെ കലവറയായ ക്യാബേജ് ഭക്ഷിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ