വൈവിധ്യമാർന്ന ചെറുതും വലുതുമായ സസ്യങ്ങളുടെ ഒരു ഒരു ലോകം സ്ഥലപരിമിതികളുടെ അളവുകോൽ ഇല്ലാതെ നമ്മുടെ വീട്ടുമുറ്റത്തും, പറമ്പിലും സൃഷ്ടിക്കുക എന്നതാണ് മിയവാക്കി കൃഷിരീതി. ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ കൃഷി രീതിയുടെ സ്വീകാര്യത ലോകത്തെമ്പാടും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ 'കാവുകളുടെ ജാപ്പനീസ് പതിപ്പ്' എന്ന പ്രകൃതിസ്നേഹികൾ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ കൃഷി രീതി കുളിരേകുന്ന കാലാവസ്ഥയും, ഹരിതാഭമായ ചെറു ലോകത്തെയും നമ്മൾക്ക് മുൻപിൽ സൃഷ്ടിക്കുന്നു.
ലോകത്തിൻറെ പല ഭാഗത്തും ഈ പച്ചപ്പുവൽക്കരണത്തിന്റെ വാർത്തകൾ നാം കേൾക്കുന്നു. മിയവാക്കി കൃഷി രീതി ഏക്കർ കണക്കിന് സ്ഥലം ആവശ്യപ്പെടുന്നില്ല എന്നതാണ് ഈ കൃഷിരീതിയെ മറ്റു കൃഷി രീതിയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരുക്കാവുന്ന മികച്ച ഹരിതവൽക്കരണം പദ്ധതിയാണിത്
മിയാവാക്കി കൃഷിരീതിയിൽ ഏതൊക്കെ ചെടികൾ തെരഞ്ഞെടുക്കാം?
സ്വാഭാവിക വനങ്ങളോട് കിടപിടിക്കുന്ന പ്രാദേശിക ആവാസവ്യവസ്ഥയിൽ വളരുന്ന ചെറുതും വലുതുമായ മരങ്ങളുടെ ശേഖരം തന്നെ നമുക്ക് ഇതിനായി തെരഞ്ഞെടുക്കാം. വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇടകലർത്തി നടുകയാണ് ചെയ്യുന്നത്.
പ്രത്യേകതകൾക്കനുസരിച്ച് അവിടെ വളരുന്ന സസ്യലതാദികൾ തെരഞ്ഞെടുക്കുകയാണ് ഏറ്റവും ഉത്തമം. അത്തി, ഇത്തി, പേരാൽ, കാഞ്ഞിരം,ചേര്, താന്നി,മഞ്ചാടി, കുന്നിമണി, നെല്ലി, നീർമാതളം, അരയാല്, പൂവരശ്ശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലംപാല, മറ്റു ഔഷധസസ്യങ്ങളും പൂച്ചെടികളും ഹരിതാഭമായ അന്തരീക്ഷം സൃഷ്ടിക്കാൻ തെരഞ്ഞെടുക്കാം.
ഒരു ചെറു വനം എങ്ങനെ സൃഷ്ടിക്കാം?
മിക്കവാറും ആളുകൾ നഴ്സറികളിൽ നന്നായിരിക്കും വൈവിധ്യമാർന്ന ചെടികളുടെ തൈ തെരഞ്ഞെടുക്കുന്നത്. നഴ്സറികളിൽ നിന്നും വാങ്ങുന്ന തൈകൾ ചാണകവും മണ്ണും ചകിരിച്ചോറും കരിയിലകളും ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കി ആദ്യം തന്നെ വലിയ ഗ്രോബാഗുകളിൽ നടുക. അതിനുശേഷം നന്നായി പാർശ്വവേരുകളും, നാരായവേരുകളും വന്നതിനുശേഷം മണ്ണ് കിളച്ചൊരുക്കി നാലടി മുതൽ 5 അടി വരെ കുഴിയെടുത്ത് ജൈവ വളക്കൂട്ട് കുഴിയിൽ നിറച്ചതിനു ശേഷം തൈ നടുക. ഈർപ്പം നിലനിർത്തുന്നതിന് വളർച്ച ഘട്ടം അനുസരിച്ച് പുത ഇട്ടു നൽകുക. കുമ്മായ പ്രയോഗം ആവാം പക്ഷേ അത് മണ്ണിൻറെ രാസഘടന അല്ലെങ്കിൽ അമ്ലത്വം ആശ്രയിച്ചിരിക്കും.
ആദ്യം മൂന്നു കൊല്ലം നല്ല രീതിയിലുള്ള പരിചരണം അഭികാമ്യമാണ്. അപ്പോഴേക്കും ചെറിയൊരു കാട് നിങ്ങളുടെ വീട്ടു മുറ്റത്ത് സജ്ജമാക്കുന്നു.